കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി ജില്ലയില്‍ ഇന്നല സമർപ്പിച്ചത് മൂന്ന് പത്രികകള്‍. ധര്‍മടം മണ്ഡലത്തില്‍ രണ്ടും കണ്ണൂര്‍ മണ്ഡലത്തില്‍ ഒരു പത്രികയുമാണ് ലഭിച്ചത്. ധര്‍മടം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പിണറായി വിജയന്, സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. കെ. പത്മരാജന് എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
കണ്ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്-എസ് സ്ഥാനാര്‍ഥിയായ കടന്നപ്പള്ളി രാമചന്ദ്രനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞദിവസം അഴീക്കോട് മണ്ഡലത്തിലേക്ക് എസ്യുസിഐ സ്ഥാനാര്‍ഥി രശ്മി രവി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുള്‍പ്പെടെ നാല് പത്രികകളാണ് ജില്ലയില്‍ ആകെ ലഭിച്ചത്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇന്നലെ രാവിലെ 11.30 ഓടെ ഡപ്യൂട്ടി കളക്ടർ ആർ.ആർ.കെ. മനോജ് മുന്‍പാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ടു സെറ്റ് പത്രികയാണ് സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽനിന്ന് പ്രകടനമായാണ് കടന്നപ്പള്ളി പത്രികാസമർപ്പണത്തിനെത്തിയത്. എൻ. ചന്ദ്രൻ, കെ.പി. സഹദേവൻ, ബാബു ഗോപിനാഥ്, പി.കെ. ശബരീഷ്കുമാർ, കെ.കെ. ജയപ്രകാശ്, കെ.കെ. രാജൻ, സി.പി. സന്തോഷ്കുമാർ, വി. രാജേഷ് പ്രേം, മഹമൂദ് പറക്കാട്ട്, എ.ജെ. ജോസഫ്, സിറാജ് തയ്യിൽ എന്നിവർ പങ്കെടുത്തു.
കടന്നപ്പള്ളിയുടെ കൈവശം
2000 രൂപ, ബാധ്യത 22 ലക്ഷം
കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രന്റെ കൈവശമുള്ളത് 2000 രൂപ. ഭാര്യയുടെ കൈവശം 5000 രൂപയും. സബ് ട്രഷറിയിൽ 96,822 രൂപയുടെയും കണ്ണൂർ എസ്ബിഐയിൽ 1,69,730 രൂപയുടെയും കെപിഎസ്എസ്സി ബാങ്കിൽ 163 രൂപയുടെയും നിക്ഷേപമാണ് കടന്നപ്പള്ളിക്കുള്ളത്.
രണ്ടരലക്ഷം രൂപ വിലമതിക്കുന്ന കാറും കടന്നപ്പള്ളിക്കുണ്ട്. ഭാര്യ സരസ്വതിയുടെ കൈവശം 5000 രൂപയും സ്വര്‍ണവും ബാങ്ക് നിക്ഷേപവും പെന്‍ഷനുമടക്കം 3,47,284 രൂപയുടെ മുതലുമുണ്ട്. ഇതിൽ 3.40 ലക്ഷവും കൈവശമുള്ള സ്വർണത്തിന്റേതാണ്. കെപിഎസ്സി ബാങ്കിൽ രണ്ടു ലക്ഷവും വീടിനുവേണ്ടി 20 ലക്ഷവുമടക്കം 22 ലക്ഷത്തിന്റെ ബാധ്യതയാണ് കടന്നപ്പള്ളിക്കുള്ളത്.