കണ്ണൂർ: ജില്ലയിൽ മൂന്ന് വനിതാസ്ഥാനാർഥികളെ നിർത്തി ബിജെപിയുടെ സ്ഥാനാർഥിപട്ടിക പുറത്തിറങ്ങി. ജില്ലയിലെ 11 മണ്ഡലങ്ങളിലും ബിജെപിതന്നെ മത്സരിക്കും. പേരാവൂരിൽ സ്മിത ജയമോഹൻ, കണ്ണൂരിൽ അർച്ചന വണ്ടിച്ചാൽ, ഇരിക്കൂറിൽ ആനിയമ്മ രാജേന്ദ്രൻ എന്നിവരാണ് ബിജെപിക്കായി ഇറങ്ങുന്ന വനിതകൾ. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ മത്സരിക്കും. തലശേരിയിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് മത്സരിക്കും. മട്ടന്നൂരിൽ യുവമോർച്ച നേതാവ് ബിജു ഏളക്കുഴിയും അഴീക്കോട് ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്തും മത്സരിക്കും. കൂത്തുപറന്പിൽ കഴിഞ്ഞതവണ മത്സരിച്ച സി. സദാനന്ദൻതന്നെ മത്സരിക്കും. കല്യാശേരിയിൽ അരുൺ കൈതപ്രവും തളിപ്പറന്പിൽ എ.പി.ഗംഗാധരനും പയ്യന്നൂരിൽ കെ.കെ. ശ്രീധരനും മത്സരിക്കും.
പേരാവൂരിൽ മത്സരിക്കുന്ന സ്മിത ജയമോഹൻ മഹിളാമോർച്ച ജില്ലാ അധ്യക്ഷയും തലശേരി സ്വദേശിനിയുമാണ്. ബ്രണ്ണൻ കോളജിലെ പഠനകാലത്ത് എബിവിപിയുടെ സജീവ പ്രവർത്തകയായി പൊതുപ്രവർത്തനരംഗത്തെത്തി. 2015ലെ തലശേരി നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു.
കണ്ണൂർ നിയോജകമണ്ഡലം സ്ഥാനാർഥി അർച്ചന വണ്ടിച്ചാൽ തളാപ്പ് സ്വദേശിനിയാണ്. രണ്ടുതവണ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അഭിഭാഷകയാണ്. ഇരിക്കൂരിൽ മത്സരിക്കുന്ന ആനിയമ്മ രാജേന്ദ്രൻ ഇതു രണ്ടാംതവണയാണ് ഇവിടെനിന്ന് ജനവിധി തേടുന്നത്.