കേളകം: ബഫര്‍ സോണും പട്ടയം റദ്ദാക്കാനുള്ള വനംവകുപ്പിെൻറ പുതിയ നിയമവും രൂക്ഷമായ വന്യമൃഗശല്യവും മലയോരത്ത് പ്രധാന തെരഞ്ഞെടുപ്പ് ചർച്ച വിഷയമാകും
വനാതിര്‍ത്തിയില്‍ മാത്രമല്ല കിലോമീറ്റര്‍ കടന്ന് ടൗണുകളിലെ കൃഷിയിടങ്ങളില്‍പോലും വന്യമൃഗങ്ങള്‍ എത്തി കൃഷിനശിപ്പിക്കുകയും വന്യമൃഗ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 13 പേരാണ് ആറളം, കൊട്ടിയൂര്‍ മേഖലകളില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വന്യമൃഗ ആക്രമണത്തില്‍ പരിക്കേറ്റത് 39ലധികം ആളുകള്‍ക്കാണ്. ആറളം വനാതിർത്തിയിൽ 11 കിലോ മീറ്റർ ആനമതിൽ നിർമിച്ചെങ്കിലും ആറളം ഫാം കാട്ടാനകളുടെ പിടിയിൽ തന്നെയാണ്. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് വളയംചാല്‍ മുതല്‍ അടയ്ക്കാത്തോട് രാമച്ചി വരെ പത്തര കിലോമീറ്റര്‍ ആന പ്രതിരോധ മതില് തീര്‍ത്തത് പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കിയിരുന്നു. ഓടംന്തോട്, മഠപ്പുരച്ചാല്‍, പെരുമ്പുന്ന, കാളികയം, അണുങ്ങോട് തുടങ്ങിയ മേഖലകളില്‍ അതിരൂക്ഷമായ വന്യമൃഗശല്യമാണ്. മണത്തണ – ആറളം മലയോര ഹൈവേ, കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ അന്തര്‍ സംസ്ഥാന പാത തുടങ്ങിയ വഴികളിലൂടെ രാത്രികാലയാത്ര വന്യമൃഗ ആക്രമണ ഭീഷണിമൂലം ജനം ബുദ്ധിമുട്ടിലാണ്.
കാട്ടുപന്നി, കുരങ്ങ്, മുള്ളന്‍പന്നി ആക്രമണം മൂലം കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് മലയോര മേഖലയില്‍ മാത്രമുണ്ടായിട്ടുള്ളത്. ബഫര്‍ സോണ്‍ ആണ് മറ്റൊരു തെരഞ്ഞെടുപ്പ് വിഷയം.
ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തിയില്‍ പരിസ്ഥിതി ലോല മേഖലകള്‍ ഉണ്ടാക്കുവാനുള്ള വനം വകുപ്പിെൻറ നീക്കമാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുന്നത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിെൻറ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ മുതല്‍ 3.5 കിലോമീറ്റര്‍ ദൂരത്തിലാണ് ബഫര്‍ സോണ്‍ ഏരിയ ആയി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. കെട്ടിയൂര്‍ പഞ്ചായത്തിെൻറ ഭൂരിഭാഗം മേഖലകളും ഇതില്‍പെടും.
ബഫര്‍ സോണ്‍ മേഖലകളില്‍ റവന്യൂ നിയമങ്ങള്‍ക്ക് പുറമെ വനനിയമങ്ങള്കൂടി ബാധകമാകും.
ഇതോടെ നിരവധി നിയന്ത്രണങ്ങളും നിബന്ധനകളും ഈ മേഖലയിലും ബാധകമാകും. ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും. നിര്‍ദിഷ്ട മാനന്തവാടി-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ് വികസനം, 44ാം മൈല്‍ ബദല്‍ റോഡ്, പ്രളയത്തില്‍ തകര്‍ന്ന കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ ചുരം റോഡിെൻറ പുനര്‍നിർമാണം തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും ഉറപ്പായിട്ടുണ്ട്.