വിധിയുടെ വിളയാട്ടത്തിൽ പ്രതീക്ഷകളറ്റ ജീവിതത്തിൽ കൈത്താങ്ങായി സംസ്ഥാനലോട്ടറിയുടെ ഫലം പയ്യന്നൂർ കോളോത്ത് മത്സ്യ തൊഴിലാളി സഹകരണ സംഘം ഓഫീസിന് സമീപത്തെ എരമംഗലം ചന്ദ്രനെയാണ് ലോട്ടറി പ്രതീക്ഷയുടെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
കഴിഞ്ഞ ദിവസത്തെ സ്ത്രീ ശക്തി ലോട്ടറിയുടെ (എസ് ബി 727476 നമ്പർ ) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ചന്ദ്രനെ തേടിയെത്തിയത്.
ഉറ്റവരുടെ ചികിത്സയും പ്രശ്നങ്ങളും ചന്ദ്രനെ തളർത്തിയിരുന്നു. ചികിത്സക്കൊടുവിലുള്ള അച്ഛന്റെയും അമ്മയുടെയും വേർപാട് , പിന്നീട് ഭാര്യാമാതാവും . ഹൃദയ സംബന്ധമായ അസുഖത്തിന് അഞ്ചു വർഷത്തെ ചികിൽസക്കൊടുവിൽ ഭാര്യ തമ്പായിയും വിട പറഞ്ഞു.
ഇതിനിടയിലാണ് അനുജന്റെ കിണറ്റിൽ വീണുള്ള മരണം.
കോൺക്രീറ്റ് തൊഴിൽ ചെയ്ത് വരവേ നടുവേ ധനമൂലം അതിനും പോകാൻ കഴിയാതായി. പിന്നീട് പന്തൽ ജോലി , കൊറോണ കാരണം അതും ഇല്ലാതായി.
ഭാര്യയുടെ പേരിലുള്ള കൊച്ചു വീട്ടിൽ പയ്യന്നൂർ കോളജിലെ ബിരുദ വിദ്യാർത്ഥിനിയായ മകൾ ശ്രീവിദ്യക്കും കണ്ടങ്കാളി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി ശ്രീനാഥിനും പഠിക്കാനുള്ള സൗകര്യം പോലുമില്ല. സഹോദരൻ മിനീഷും വീട്ടിലുണ്ട്. സ്വന്തമായി ഒരു വീടു വേണമെന്ന ആഗ്രഹം ഏറെ നാളുകളായി ചന്ദ്രനുണ്ട്. എന്നാൽ ഉറ്റവരുടെ ചികിത്സ വരുത്തി വച്ച ബാധ്യതയും മക്കളുടെ പഠന ചെലവു കളും കീറാമുട്ടിയായിരുന്നു.
പയ്യന്നൂരിലെ തിരുവോണം ഏജൻസിയിൽ നിന്നാണ് ടിക്കറെടുത്തത്. കടങ്ങൾ തീർത്ത് മക്കൾക്ക് പഠിക്കാനുള്ള സൗകര്യത്തോടെയുള്ള ഒരു വീട് വേണമെന്ന സ്വപ്നം സാക്ഷാത്‌കരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രൻ .
കണ്ണൂർ തിലാന്നൂർ സ്വദേശി പുളിക്കൂൽ മോഹനന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് തിരുവോണം ഏജൻസി .