കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 11 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട ഡ്യൂട്ടി നിര്‍ണയം പൂര്‍ത്തിയായി. ഇവര്‍ക്കുള്ള നിയമന ഉത്തരവുകള്‍ താലൂക്കുകള്‍ വഴി ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ക്ക് വിതരണം ചെയ്തു തുടങ്ങി. ഇന്നു മുതല്‍ ഇവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എത്തിക്കും.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കായി അവധിദിനമായ ഇന്നും ബന്ധപ്പെട്ട എല്ലാ ഓഫീസുകളും തുറന്നുപ്രവര്‍ത്തിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകളക്ടര്‍ അറിയിച്ചു.
റിസര്‍വ് ഉള്‍പ്പെടെ 4398 വീതം പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ്, സെക്കൻഡ്, തേര്‍ഡ് ലെവല്‍ പോളിംഗ് ഓഫീസര്‍മാര്‍ എന്നിങ്ങനെ 17,592 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയമന ഉത്തരവ് നല്‍കിയത്. കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം13 മുതല്‍ 16 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. രണ്ടാംഘട്ട ഡ്യൂട്ടി നിര്‍ണയം മാര്‍ച്ച് അവസാനത്തോടെ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടക്കും.
സഹായി വോട്ട്: സഹായിയുടെ കൈയില്‍ മഷി പുരട്ടും
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹായി വോട്ട് ചെയ്യുന്നതിനായി വോട്ടറുടെ സഹായിയായി വരുന്നയാളുടെ കൈവിരലില്‍ മഷി പുരട്ടും. ഇടതുകൈയിലെ മധ്യവിരലില്‍ മായാത്ത മഷി പുരട്ടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാകളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. കാഴ്ചക്കുറവോ മറ്റ് ശാരീരിക അവശതകളോ കാരണം സ്വന്തമായി വോട്ട് ചെയ്യാന്‍ സാധിക്കാത്ത ആളുകള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ സഹായി വോട്ട് ചെയ്യാന്‍ അവസരം. ഒരേയാള് ഒന്നിലധികം വോട്ടര്‍മാരുടെ സഹായിയായി വരുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനാണ് സഹായിയുടെ കൈയില്‍ മായാത്ത മഷി പുരട്ടാന്‍ നിര്‍ദേശം നല്‍കിയത്. വോട്ട് ചെയ്ത ഉടന്‍തന്നെ സഹായി പോളിംഗ് സ്റ്റേഷന് വിട്ട് പുറത്തുപോകണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
ബിഎല്‍ഒമാരുടെ ഇലക്ഷന് ഡ്യൂട്ടി; വകുപ്പ് മേധാവികള്‍ക്ക് പ്രത്യേക നിര്‍ദേശം
കണ്ണൂർ: ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് അവരുടെ തെരഞ്ഞെടുപ്പ് ജോലികള്‍ തടസം കൂടാതെ നിര്‍വഹിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ അതത് വകുപ്പ് മേധാവികള്‍ ഒരുക്കേണ്ടതാണെന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാകളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബിഎല്‍ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധമായ ജോലികള്‍ അല്ലാതെ മറ്റ് ഔദ്യോഗിക ചുമതലകളൊന്നും നല്‍കരുതെന്നും നിര്‍ദേശമുണ്ട്.