ഇന്ന് മഹാശിവരാത്രി. പെരിയാറിന്റെ തീരത്ത് പിതൃബലിയർപ്പിക്കാൻ നിരവധി ഭക്തർ ആലുവ മണപ്പുറത്തേക്ക് എത്തും. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മണപ്പുറത്ത് തങ്ങി ഉറക്കമൊഴിയാൻ ഭക്തജനങ്ങൾക്ക് അനുവാദമില്ലാത്തതിനാൽ ഇന്ന് ഉച്ചമുതൽ പതിവായി അനുഭവപ്പെടാറുള്ള ഭക്തജനത്തിരക്ക് ഉണ്ടാകില്ല.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം രജിസ്റ്റർ ചെയ്ത് എത്തുന്നവർക്ക് ബലിയിടാനുള്ള ഒരുക്കങ്ങൾ ആലുവ മണപ്പുറത്ത് പൂർത്തിയായി. അപ്ന ക്യൂ എന്ന മൊബൈൽ ആപ് ഫോണിൽ ഡൗൺലോഡ് ചെയ്ത് അതിൽ പേര് രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന സമയത്താണ് എത്തിച്ചേരേണ്ടത്. ഫോൺ ഒപ്പം കൊണ്ടുവരേണ്ടതാണ്.