കണ്ണൂർ: തീവണ്ടിയിൽ അനധികൃതമായി കടത്തുകയായിരുന്നു 2500 വിദേശ സിഗരറ്റുകൾ പിടികൂടി. ആർ.പി.എഫ് ഇലക്ഷൻ സ്പെഷൽ സ്ക്വാഡിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 7,47,500 രൂപ വിലവരുന്ന സിഗരറ്റുകൾ പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് 5.30 ഒാടെയാണ് സംഭവം.
നിസാമുദ്ദീൻ -തിരുവനന്തപുരം ട്രെയിനിലെ (നമ്പർ – 06084) എ.സി കമ്പാർട്ട്മെൻറിൽ നിന്നാണ് സിഗരറ്റുകൾ പിടികൂടിയത്. മംഗലാപുരത്തുനിന്ന് പുറപ്പെട്ട വണ്ടിയിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ സ്റ്റേഷനിലെത്തുന്നതിനിടയിലാണ് സിഗരറ്റ് പിടികൂടിയത്. സംഭവത്തിൽ ഡൽഹി സ്വദേശികളായ എം.ഡി. ഷഹ്സാദ്, മുബീൻ അഹമ്മദ് എന്നിവരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു വലിയ ട്രോളി ബാഗിൽ നിറച്ച സിഗരറ്റ് ബർത്തിനടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു. സിഗരറ്റുകൾ കംസ്റ്റംസിന് കൈമാറി. പരിശോധനക്ക് ആർ.പി.എഫ് ഉദ്യോഗസ്ഥരായ ബി. ജതിൻ, കെ. സജു, അബ്ദുൽ സത്താർ, ഒ.കെ. അജീഷ്, പി.കെ. ഷെറി, പി.കെ. രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരും ദിവസങ്ങളിൽ കർശന പരിശോധന നടക്കുമെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.