കണ്ണൂർ :ചൊവ്വാഴ്ച പുതുതായി വോട്ട് ചേർക്കുന്നവർക്കുകൂടി ഈ നിയമസഭാ തിരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുമെന്ന് കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു.
2021 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവർക്കാണ് വോട്ട് ചേർക്കാൻ അർഹത. നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലായ nvsp.in ലൂടെയാണ് പേര് ചേർക്കേണ്ടത്. വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളും കുടുംബങ്ങളിൽ ആരുടെയെങ്കിലും വോട്ടർ പട്ടികയിലെ നമ്പരും നൽകണം. മാർച്ച് ഒൻപതിന് ശേഷം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകൾ തിരഞ്ഞെടുപ്പിനുശേഷമേ പരിഗണിക്കൂ.
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തെന്ന് കരുതി നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ പേരുണ്ടാകണമെന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടർ പട്ടിക വ്യത്യസ്തമാണ്. nvsp.in വഴി വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും സൗകര്യമുണ്ട്.നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലിനു പുറമെ, വോട്ടർ ഹെൽപ്‌ലൈൻ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും വോട്ടർ പട്ടികയിൽ പേര് ചേർക്കാനും പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാനും സാധിക്കും