കേളകം: വേനൽ കടുക്കുന്നതോടെ മലയോരം വരൾച്ചയുടെ വക്കിൽ. ആയിരക്കണക്കിനാളുകൾ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ബാവലി, ചീങ്കണ്ണി പുഴകൾ വറ്റി തുടങ്ങി. സമീപ പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് താഴ്ന്നു.
കൊട്ടിയൂർ പഞ്ചായത്തിലെ പൊയ്യമല, ഒറ്റപ്ലാവ്, പാലുകാച്ചി, പന്നിയാംമല, കേളകം പഞ്ചായത്തിലെ അടക്കാത്തോട്, ചെട്ടിയാംപറമ്പ്, കുണ്ടേരി എന്നിവിടങ്ങളിലും കണിച്ചാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ജലക്ഷാമം തുടങ്ങിയിട്ടുണ്ട്. കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുന്നതിന് കഴിഞ്ഞ വർഷങ്ങളിൽ വിവിധ പ്രദേശങ്ങളിലെ പുഴകളിൽ തടയണകൾ നിർമിച്ചിരുന്നു. ഈ വർഷവും വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ തടയണ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഈ വർഷവും വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ഭൂഗര്‍ഭ ജലവിതാനവും വലിയ തോതില്‍ കുറയുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. വേനൽ കടുത്തത്കാർഷിക മേഖലയെയും ബാധിക്കുന്നു. റബർ പാലുത്പാദനം കുറഞ്ഞു. ക്ഷീര കർഷകരും പ്രതിസന്ധിയായി. കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാനായി കണിച്ചാർ കാളികയത്ത് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. ഇതു പൂർത്തിയാകുന്നതോടെ മേഖലയിലെ ജലക്ഷാമത്തിനു ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.