കേളകം: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈഎംസിഎ കണ്ണൂർ സബ് റീജൺ സംഘടിപ്പിക്കുന്ന സമരപ്രചാരണ വാഹന ജാഥയ്ക്ക് നാളെ രാവിലെ 10ന് ആലക്കോട്, ചുങ്കക്കുന്ന് എന്നിവിടങ്ങളിൽ നിന്ന് തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആലക്കോട് നിന്ന് തുടങ്ങുന്ന ജാഥ വൈഎംസിഎ കണ്ണൂർ സബ് റീജണൽ ചെയർമാൻ മത്തായി വീട്ടിയാങ്കൽ നയിക്കും. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്യും. വൈഎംസിഎ നാഷണൽ എക്സിക്യൂട്ടീവ് അംഗം ഡോ. കെ.എം. തോമസ് ജാഥ ഫ്ളാഗ് ഓഫ് ചെയ്യും.
വൈഎംസിഎ കണ്ണൂർ സബ് റീജണൽ ജനറൽ കൺവീനർ ജോസ് ആവണംകോട്ട് നയിക്കുന്ന ജാഥ ചുങ്കക്കുന്നിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്യും. വൈഎംസിഎ നാഷണൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ജോസഫ് സഖറിയാസ് പ്രസംഗിക്കും. വൈഎംസിഎ നാഷണൽ പ്രോപ്പർട്ടി കമ്മിറ്റിയംഗം ജസ്റ്റിൻ കൊട്ടുകാപ്പള്ളിൽ ജാഥ ഫ്ളാഗ് ഓഫ് ചെയ്യും.
കേളകം, കണിച്ചാർ, പേരാവൂർ, ഇരിട്ടി, ഉളിക്കൽ, പയ്യാവൂർ വൈഎംസിഎ യൂണിറ്റുകളിൽ സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ട്. ഇരിട്ടിയിലെ സ്വീകരണ യോഗത്തിൽ സണ്ണി ജോസഫ് എംഎൽഎയും ശ്രീകണ്ഠപുരത്തെ സ്വീകരണത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിനയും പ്രസംഗിക്കും.
രണ്ടു ജാഥകളും ശ്രീകണ്ഠപുരത്ത് സംഗമിക്കും. തുടർന്ന് തളിപ്പറമ്പിൽ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. വൈഎംസിഎ കണ്ണൂർ സബ് റീജണൽ ജനറൽ കൺവീനർ ജോസ് ആവണംകോട്ട്, ജോൺ മഞ്ചുവള്ളി, മാനുവൽ പള്ളിക്കമാലിൽ, ഏബ്രഹാം കച്ചിറയിൽ, ജീമോൾ മനോജ്, ജോസ് വളവനാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.