കണ്ണൂർ: സ്ത്രീ-പുരുഷഭേദമില്ലാതെ സംഘടിപ്പിച്ച ജെൻഡർ ന്യൂട്രൽ ഫുട്ബോൾ മത്സരം കാണികൾക്ക് ആവേശമായി. വനിതാദിനത്തോടനുബന്ധിച്ചാണ് കാൽപ്പന്തുകളിയിൽ വനിതാതാരങ്ങൾ പുരുഷതാരങ്ങൾക്കൊപ്പം ബൂട്ടണിഞ്ഞത്. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലാണ് ജില്ലാപഞ്ചായത്ത് ഫുട്ബോൾ ടീമും സ്പോർട്സ് കൗൺസിലും ടീമും ഏറ്റുമുട്ടിയത്.
തെരഞ്ഞെടുപ്പ് ആരവങ്ങൾക്ക് മുന്പുള്ള രാഷ്ട്രീയപോരാട്ടം മാറ്റിവച്ചാണ് ഫുട്ബോൾ പ്രേമികൾ കായികവിരുന്ന് ആസ്വദിച്ചത്. സ്പോർട്സ് കൗൺസിൽ ടീമിനെ മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ.വി. ധനേഷാണ് നയിച്ചത്.
ബിനീഷ് കിരൺ, വി. മുരളി, ബാലചന്ദ്രൻ, എം. മോഹനൻ, ഹാരിസ്, ടി.പി. മധുസൂദനൻ, എം. നവീൻ, പി. സുഭിത, കെ. സാന്ദ്ര, ബേബി ജോസ്, അനഘ രാജേഷ്, സഫൂറത്ത്, ഹീര ജീരാജ്, വി. ഷീബ എന്നിവരാണ് മറ്റുടീം അംഗങ്ങൾ.
ജില്ലാപഞ്ചായത്ത് ടീമിനെ ഫുട്ബോൾ താരം മുൻ ഡിവൈഎസ്പി ശീനിവാസനാണ് നയിച്ചത്. പ്രിയ, എൻ.പി. പ്രദീഷ്, കെ.വി. ശിവദാസൻ, എൻ.പി. പ്രദീപ്, കെ.എം. രാജേഷ്, എൻ. മോഹനൻ, കെ. സതീശൻ, സയിദ്, അനീന, പ്രിസ്തി, ജിമ്മ, കീർത്തന, പി.പി. നിഷ, പി.പി. ഉഷ, കെ. സോന, അജിത്ത് പാറക്കണ്ടി എന്നിവരാണ് ടീമംഗങ്ങൾ. വാശിയേറിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജില്ലാപഞ്ചായത്ത് ടീം വിജയിച്ചു. ആദ്യത്തെ പത്താം മിനിറ്റിൽ മുൻ ഡിവൈഎസ്പി ശീനിവാസനാണ് ആദ്യ ഗോളടിച്ചത്. അവസാന മിനിറ്റിൽ അനീന രണ്ടാമത്തെ ഗോളും നേടി. വനിതാദിനാഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ വിവിധ കലാപ്രദർശനവും ഉണ്ടായിരുന്നു. യോഗ, കളരി, റസ്ലിംഗ്, തായ്ക്വോണ്ടോ, കരാട്ടെ തുടങ്ങിയവയുടെ പ്രദർശനവും കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ പെൺതാരങ്ങളുടെ പ്രകടനവും കായികവിരുന്നൊരുക്കി.