കേളകം: ഇറച്ചിക്കോഴിക്ക് വില വർധിച്ചിട്ടും ഇതിന്റെ മെച്ചം ലഭിക്കാതെ കോഴിക്കർഷകർ. കന്പോളത്തിൽ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 140- 150 രൂപ വരെയെത്തുന്പോഴും തങ്ങൾക്ക് ലഭിക്കുന്നത് 100 രൂപയിൽ താഴെ മാത്രമാണെന്ന് കർഷകർ പറയുന്നു. കുറഞ്ഞ വിലയക്ക് കർഷകരിൽനിന്നും ഇറച്ചിക്കോഴികളെ വാങ്ങുന്ന മൊത്തക്കച്ചവടക്കാരും ഇടനിലക്കാരും കന്പോളത്തിൽ വില ഉയർത്തി ലാഭം നേടുകയാണ്.
കോഴിക്കുഞ്ഞിന്റെ നിലവിലെ വില 52 രൂപയാണ്. ഇത് ഇനിയും വർധിച്ചേക്കാനാണ് സാധ്യത. തീറ്റയ്ക്കും വില കൂടിയിട്ടുണ്ട്. 1700 രൂപയാണ് 50 കിലോ ചാക്കിന് നിലവിലെ വില. ശരാശരി 3.5 കിലോ തീറ്റ വേണം ഒരു കോഴിക്കുഞ്ഞിനെ വില്പനയ്ക്ക് പാകമാക്കി വളർത്തിയെടുക്കാൻ.
ഇതിന്റെ ചെലവ് മാത്രം ശരാശരി 119 രൂപയാകുന്നുണ്ടെന്ന് കർഷകർ പറയുന്നു. കൂടാതെ പ്രതിരോധ കുത്തിവയ്പ്, വെള്ളം, വൈദ്യുതി, അറക്കപ്പൊടി എന്നിയ്ക്ക് 95 രൂപയോളം അധിക ചെലവും വരും. എല്ലാം കൂടി ഒരു കോഴിക്ക് 95 രൂപയ്ക്ക് മുകളിൽ ഉത്പാദനച്ചെലവു വരും. ഇതിനിടെ കോഴിക്കുഞ്ഞുങ്ങൾ ചത്തു പോകുന്നതുമൂലമുള്ള നഷ്ടവും സഹിക്കണം.
1000 കോഴിക്കുഞ്ഞുങ്ങളെ വളർത്താനാരംഭിച്ചാൽ 960 എണ്ണമൊക്കെയേ ലഭിക്കൂവെന്നാണ് കർഷകർ പറയുന്നത്. മൊത്തക്കച്ചടവടക്കാർ പറയുന്ന വിലയ്ക്ക് കോഴികളെ വിൽക്കേണ്ട അവസ്ഥയാണ്. തയാറായില്ലെങ്കിൽ ഇവർ മറ്റിടങ്ങളിൽനിന്നും കച്ചവടക്കാർക്ക് കോഴികളെ സപ്ലൈ ചെയ്യും. ഇതോടെ പിന്നീട് ഓർഡറുകൾ തന്നെ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ കിട്ടുന്ന വിലയക്ക് കോഴികളെ നൽകേണ്ട അവസ്ഥയാണ് നേരിടുന്നതെന്ന് കർഷകർ പറയുന്നു.
നേരത്തെ സർക്കാർ കോഴിക്കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നേരിട്ട് ഇടപെടുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കുറഞ്ഞ വിലയിൽ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നൽകി കോഴിക്കർഷകരെ പ്രോത്സാഹിപ്പിക്കുകയും സർക്കാർ നേരിട്ട് കർഷകരിൽനിന്ന് കോഴികളെ സംഭരിക്കുന്ന രീതിയിലുമായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.
എന്നാൽ ഇതിനായുള്ള മുതൽ മുടക്ക് കർഷകർ തന്നെ നടത്തണമെന്ന് പദ്ധതി നടത്തിപ്പുകാർ പറഞ്ഞതോടെ കർഷകർ ഈ പദ്ധതിയിൽനിന്ന് പിൻമാറുകയായിരുന്നു.