കണ്ണൂർ: കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനിലുള്ളവര്‍ എന്നിവര്‍ക്ക് നിയമസഭാതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ജില്ലയില്‍ ആകെ 28834 ഭിന്നശേഷി വോട്ടര്‍മാരും 80 വയസിന് മുകളില്‍ പ്രായമുള്ള 46818 വോട്ടര്‍മാരുമാണുള്ളത്. ഇവര്‍ക്ക് വോട്ടിംഗ് കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടും കോവിഡ് വ്യാപനസാധ്യതയും കണക്കിലെടുത്താണ് തപാല്‍ വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. തപാല്‍ വോട്ടിനുള്ള അപേക്ഷകള്‍ (12 ഡി ഫോറം) പോളിംഗ് ഉദ്യോഗസ്ഥര്‍ അവരുടെ താമസസ്ഥലങ്ങളില്‍ എത്തിക്കും. വോട്ടിംഗ് കേന്ദ്രത്തില്‍ എത്തി വോട്ട് ചെയ്യേണ്ടവര്‍ക്ക് അപ്രകാരവും ചെയ്യാം.
വോട്ടര്‍മാര്‍ അവരുടെ മേല്‍വിലാസവും ഫോണ്‍നമ്പറും അപേക്ഷയ്ക്കൊപ്പം നല്‍കണം. എസ്എംഎസ് ആയോ തപാലിലോ ബിഎല്‍ഒ മുഖേനയോ വോട്ടിംഗ് തീയതി വോട്ടര്‍മാരെ അറിയിക്കും. സ്പെഷല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, പോലീസ് ഉദ്യോഗസ്ഥന്, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന സംഘത്തിനാണ് തപാല്‍വോട്ടിന്റെ ചുമതല. ഇവര്‍ വോട്ടര്‍മാരുടെ താമസസ്ഥലങ്ങളില്‍ എത്തി പോസ്റ്റല്‍ ബാലറ്റ് കൈമാറും. രഹസ്യമായി വോട്ട് രേഖപ്പെടുത്തി പ്രത്യേകം കവറിലാക്കി സംഘത്തിന് കൈമാറാം. റിട്ടേണിംഗ് ഓഫീസര്‍ക്ക് ദൂതന് മുഖേനയും എത്തിക്കാം. കാഴ്ചവൈകല്യമോ മറ്റു ആരോഗ്യപ്രശ്നങ്ങളാലോ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് പ്രായപൂര്‍ത്തിയായ ഒരാളുടെ സഹായം തേടാം. തപാല്‍ വോട്ടിനായി അപേക്ഷ നല്‍കിയവരുടെ അപേക്ഷകളിലെ വിവരങ്ങള്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങളുമായി ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് അവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുക. വോട്ടര്‍പട്ടികയില്‍ അവരുടെ പേരിനുനേരെ “പിബി’ എന്ന് രേഖപ്പെടുത്തുകയും ചെയ്യും. അതിനാല്‍ തപാല്‍വോട്ട് അപേക്ഷ നല്‍കിയവര്‍ക്ക് പിന്നീട് വോട്ടിംഗ് കേന്ദ്രത്തില്‍ ചെന്ന് വോട്ട് ചെയ്യാന്‍ സാധിക്കുകയില്ല. കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അതത് നിയോജകമണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് തപാല്‍ വോട്ടിനായി അപേക്ഷ നല്‍കാം. ആരോഗ്യവകുപ്പ് നല്കുന്ന പട്ടികയിലുള്ള കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കുമാണ് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുണ്ടായിരിക്കുക.