കേളകം: സർക്കാർ ഏജൻസികൾക്ക് നൽകണമെന്ന മുൻധാരണ നിലനിൽക്കെ വില നിർണയത്തിൽ തീരുമാനമില്ലാത്തതിനാൽ ആറളം ഫാം ഗോഡൗണിൽ കെട്ടിക്കിടക്കുന്നത് 25 ടണ്ണോളം കശുവണ്ടി.
ഉൽപാദന സീസൺ തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും വിൽപന നടക്കാത്തത് ഫാമിനെയും പ്രതിസന്ധിയിലാക്കുന്നു. ഫാമിലെ കശുവണ്ടി സർക്കാർ ഏജൻസികളായ കാപെക്സിനും കശുവണ്ടി വികസന കോർപറേഷനും നൽകാനാണ് മുൻകാലത്ത് ഉണ്ടാക്കിയ ധാരണ. ഇതുപ്രകാരം കഴിഞ്ഞ രണ്ടുവർഷവും മുൻകൂട്ടി വിലനിശ്ചയിച്ച് സർക്കാർ ഏജൻസികൾ എടുക്കുകയായിരുന്നു. വില നിർണയസമിതി കഴിഞ്ഞദിവസം യോഗം ചേർന്നെങ്കിലും തീരുമാനമെടുത്തിട്ടില്ല.
കാർഷികോൽപാദന കമീഷണർ, സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ഡെപ്യൂട്ടി കമീഷണർ, കാപെക്സ് എം.ഡി, കശുവണ്ടി വികസന കോർപറേഷൻ എം.ഡി, കശുമാവ് വികസന ഏജൻസി ചെയർമാൻ, ഫാം എം.ഡി, ജില്ല കലക്ടർ എന്നിവരുൾപ്പെട്ടതാണ് വിലനിർണയ സമിതി.
പൊതുവിപണിയിലെ വിലയും അന്താരാഷ്ട്ര മാർക്കറ്റിൽ അണ്ടിപ്പരിപ്പിെൻറ ഡിമാൻഡും മറ്റും പരിശോധിച്ചാണ് വിലനിർണയിക്കുന്നത്.കഴിഞ്ഞവർഷം തുടക്കത്തിൽ പൊതുമാർക്കറ്റിൽ കിലോക്ക് 130 രൂപയുണ്ടായിരുന്നപ്പോൾ 101 രൂപയാണ് നിശ്ചയിച്ചത്. ഉൽപാദനത്തിെൻറ തുടക്കംമുതൽ ഒടുക്കംവരെ ഒരേ വില ലഭിക്കുമെന്നതാണ് ഇതിെൻറ ഗുണം.
മുൻവർഷം ഉൽപാദനത്തിെൻറ അവസാന സമയമായപ്പോഴേക്കും പൊതുവിപണിയിൽ വില 80ലേക്ക് താഴ്ന്നിരുന്നു. ഇക്കുറി ഉൽപാദനത്തിെൻറ തുടക്കത്തിൽ കിലോക്ക് 110 രൂപ പോലും ലഭിച്ചിട്ടില്ല. ഇപ്പോൾ കിലോക്ക് 95 രൂപക്കാണ് വിൽപന നടക്കുന്നത്.
ഫാമിെൻറ വരുമാനത്തിൽ മൂന്നിലൊന്നും കശുവണ്ടിയിൽനിന്നാണ്. കഴിഞ്ഞവർഷം കാലാവസ്ഥ വ്യതിയാനം കാരണവും കോവിഡ് അടച്ചിടലിനെത്തുടർന്നും ദിവസങ്ങളോളം കശുവണ്ടി ശേഖരിക്കാൻ കഴിയാതിരുന്നിട്ടും 152 ടൺ ലഭിച്ചിരുന്നു. ഇക്കുറി മികച്ച ഉൽപാദനമായതിനാൽ 200 ടൺ ലഭിക്കുമെന്നാണ് പ്രതീക്ഷ.