കണ്ണൂർ: മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും കാര്യത്തിൽ നിയമസഭാചരിത്രത്തിൽ ശ്രദ്ധേയമായ ജില്ലയാണ് കണ്ണൂർ. മൂന്ന് മുഖ്യമന്ത്രിമാരടക്കം 21 മന്ത്രിമാരെയാണ് ജില്ല സംഭാവന ചെയ്തത്.
15 പേർ കണ്ണൂരിൽത്തന്നെ മത്സരിച്ചു ജയിച്ച് മന്ത്രിമാരായപ്പോൾ ആറുപേർ ജില്ലയ്ക്കു പുറത്തുപോയി മത്സരിച്ചു മന്ത്രിപദത്തിലെത്തി. കണ്ണൂരിൽ വന്നു മത്സരിച്ചു ജയിച്ച ആർ. ശങ്കർ മുഖ്യമന്ത്രിയായപ്പോൾ മുഖ്യമന്ത്രിയായ കണ്ണൂർ സ്വദേശികൾ കെ. കരുണാകരനും ഇ.കെ. നായനാരും പിണറായി വിജയനുമാണ്. നാലുതവണ കരുണാകരൻ മുഖ്യമന്ത്രിയായെങ്കിലും ഒരു തവണപോലും കണ്ണൂരിലെ മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിച്ചില്ല. മുഖ്യമന്ത്രിയായപ്പോഴെല്ലാം തൃശൂർ ജില്ലയിലെ മാള മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമായിരുന്നു കരുണാകരൻ.
മൂന്നുതവണ മുഖ്യമന്ത്രിയായ ഇ.കെ. നായനാർ ആദ്യം മലന്പുഴയെയും രണ്ടാമത് തൃക്കരിപ്പൂരിനെയുമാണു പ്രതിനിധീകരിച്ചത്. എന്നാൽ മൂന്നാംതവണ തലശേരിയുടെ പ്രതിനിധിയായി മുഖ്യമന്ത്രി കസേരയിലിരുന്നു.
കൊല്ലം ജില്ലക്കാരനായ ആർ. ശങ്കർ പഴയ കണ്ണൂർ-ഒന്നിൽനിന്നു ജയിച്ചാണ് 1960 ൽ മുഖ്യമന്ത്രിസ്ഥാനമലങ്കരിച്ചത്. ഇത്തവണയും ഇടത്മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ജില്ലയിൽ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
കണ്ണൂരിൽനിന്നു വിജയിച്ച് മന്ത്രിയായവരുടെ പേരുകൾ ചുവടെ.
മണ്ഡലവും വർഷവും ബ്രാക്കറ്റിൽ. വി.ആർ കൃഷ്ണയ്യർ (തലശേരി-1957), കെ.പി. ഗോപാലൻ (കണ്ണൂർ-രണ്ട് 1957), പി.ആർ. കുറുപ്പ് (പെരിങ്ങളം-1967, 96), എൻ.ഇ. ബാലറാം (തലശേരി-1970), കെ.പി. നൂറുദ്ദീൻ (പേരാവൂർ-1982), എൻ. രാമകൃഷ്ണൻ (കണ്ണൂർ-1991), പിണറായി വിജയൻ (പയ്യന്നൂർ-1996), കെ. സുധാകരൻ (കണ്ണൂർ-2001), കോടിയേരി ബാലകൃഷ്ണൻ (തലശേരി-2006), കടന്നപ്പള്ളി രാമചന്ദ്രൻ (എടക്കാട്-2006), പി.കെ. ശ്രീമതി (പയ്യന്നൂർ -2006), കെ.പി. മോഹനൻ (കൂത്തുപറന്പ്-2011), ഇ.പി. ജയരാജൻ (മട്ടന്നൂർ- 2016),കെ.കെ. ശൈലജ (കുത്തുപറന്പ്- 2016) . അന്യജില്ലക്കാരനായ മത്തായി മാഞ്ഞൂരാൻ പഴയ മാടായി മണ്ഡലത്തിൽനിന്നു വിജയിച്ച് 1967 ൽ മന്ത്രിയായി.
ചങ്ങനാശേരി സ്വദേശിയായ കെ.സി. ജോസഫ് ഇരിക്കൂറിൽനിന്ന് തുടർച്ചയായി ഏഴുതവണ വിജയിച്ച് 2011ൽ മന്ത്രിയായി. കാന്തലോട്ട് കുഞ്ഞന്പു (നാദാപുരം-1977), ഇ. അഹമ്മദ് (താനൂർ-1982), എം.വി രാഘവൻ (കഴക്കൂട്ടം-1991, തിരുവനന്തപുരം വെസ്റ്റ്-2001), എ.സി. ഷണ്മുഖദാസ് (ബാലുശേരി-1980, 1987, 1996), കെ.സി. വേണുഗോപാൽ (ആലപ്പുഴ-2001) എന്നിവരാണ് കണ്ണൂരിന് പുറത്തുപോയി മത്സരിച്ചു മന്ത്രിമാരായവർ.
previous post