കണ്ണൂർ: കടലാസിന്റെ വില വർധന കാരണം അച്ചടി സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ (കെപിഎ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ പേപ്പർ ഉത്പാദന കന്പനികളും വിലവർധനയുടെ പാതയിലാണ്. മഷി, കെമിക്കൽസ് തുടങ്ങിയ അച്ചടി അനുബന്ധ സാമഗ്രികൾക്കും വില ക്രമാതീതമായി ഉയരുകയാണ്. കോവിഡിനു ശേഷം പൊതു പരിപാടികളും ഉത്സവാഘോഷങ്ങളും പുനരാരംഭിക്കാത്തതും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും തുറന്ന് പ്രവർത്തിക്കാത്തതു കാരണം അച്ചടി ജോലികൾ വളരെ കുറഞ്ഞു. നാളുകളായി കേരളത്തിലെ മൂവായിരത്തോളം വരുന്ന പ്രിന്റിംഗ് പ്രസുകൾ ഗുരുതര സാന്പത്തിക പ്രതിസന്ധിയിലാണ്. ഇതിനിടെ കടലാസിന്റെ വില വർധിച്ചതോടു കൂടി ഈ വ്യവസായം തുടർന്നു കൊണ്ടുപോകാൻ സാധിക്കാത്തവിധം പ്രതിസന്ധി നേരിടുകയാണ്. അച്ചടിക്കൂലി വർധിപ്പിക്കുന്നില്ലെങ്കിലും കടലാസ് വില വർധനവിന് ആനുപാതികമായി അച്ചടി ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരാകുന്നു. സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി നവീകരിച്ച് നല്ലയിനം പേപ്പറുണ്ടാക്കാൻ നടപടി സ്വീകരിക്കണം. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ മുഴുവൻ അച്ചടി ജോലികളും കേരളത്തിലെ പ്രസുകൾക്ക് നൽകണമെന്ന് രാഷ്ട്രീയ കക്ഷികളോടും സ്ഥാനാർഥികളോടും അഭ്യർഥിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കെപിഎ മുഖ്യഉപദേഷ്ടാവ് പി.എ. അഗസ്റ്റിൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിനയരാജ്, ജില്ലാ പ്രസിഡന്റ് പി.വി. പുരുഷോത്തമൻ, കെ. മുഹമ്മദ് കുട്ടി ഹാജി, കെ. സുഗുണൻ എന്നിവർ പങ്കെടുത്തു.