സംസ്ഥാനത്തെ വ്യാപാരികൾ സമർപ്പിക്കുന്ന ജി.എസ്.ടി റിട്ടേണിൽ ഇൻപുട്ട് ടാക്സ് രേഖപ്പെടുത്തുന്നതിലെ പിഴവ് ഒഴിവാക്കാൻ സഹായകരമായ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കി. യോഗ്യമല്ലാത്തതും ക്രമരഹിതവുമായ ഇൻപുട് ടാക്സ് ക്രഡിറ്റ് അതത് മാസം നൽകുന്ന ജി.എസ്.ടി.ആർ-3 ബി യിലെ ടേബിൾ 4 ഡി (1), 4 ഡി (2) ലാണ് രേഖപ്പെടുത്തേണ്ടത്. ജി.എസ്.ടി നിയമത്തിലെ വകുപ്പ് 17(5) പ്രകാരം പാസ്സഞ്ചർ മോട്ടോർ വാഹനത്തിനും കെട്ടിട നിർമാണ മേഖലയിലുമായി വ്യാപാരികൾ നേടിയ ക്രമരഹിതമായ ഇൻപുട് ടാക്സ് ക്രഡിറ്റ് ഡി.ആർ.സി-03 യിൽ സ്വമേധയാ വെളിപ്പെടുത്തി തിരിച്ചടയ്ക്കാം. ക്രമരഹിത ഇൻപുട് ടാക്സ് നേടിയ വ്യാപാരികൾ സ്വമേധയാ തിരിച്ചടച്ചില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വകുപ്പിന്റെ സർക്കുലർ 1/2021 ൽ ലഭിക്കും.