കേളകം: പാല്‍ച്ചുരം വഴിയുള്ള രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തി. കല്‍പ്പറ്റ -ഇരിട്ടി – വെള്ളരിക്കുണ്ട് -കാഞ്ഞങ്ങാട്, നിലമ്പൂര്‍ -മുക്കം -താമരശേരി – ഇരിട്ടി സര്‍വീസുകളാണ് നിര്‍ത്തിയത്. ഒരേ സമയം രണ്ട് ദീര്‍ഘദൂര സര്‍സീസുകള്‍ നിര്‍ത്തലാക്കിയതോടെ മലയോരത്തെ നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്. രാവിലെ സർവീസ് നടത്തിയിരുന്ന സർവീസുകളാണ് ഇവ. വയനാട്ടിൽ നിന്ന് കണ്ണൂരിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ സർവീസുകൾ നിർത്തിയത് തിരിച്ചടിയായത്. ലോക് ഡൗണിൽ നിർത്തലാക്കിയ ശേഷം നിരന്തര ആവശ്യങ്ങളെ തുടർന്ന് ആരംഭിച്ച സർവീസുകളായിരുന്നു ഇവ.
നേരത്തെ വിവിധ ഡിപ്പോകളിൽ നിന്നായി പാല്‍ച്ചുരം വഴി മലയോരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 30 കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് കാല പ്രതിസന്ധികളില്‍ നിര്‍ത്തലാക്കിയ ശേഷം പുനരാരംഭിച്ചത് എട്ടു സര്‍വീസുകള്‍ മാത്രമായിരുന്നു. ഇതോടെ യാത്ര ക്ലേശം ഇരട്ടിയാകുകയും ചെയ്തു. ഇങ്ങനെ ആരംഭിച്ചതിൽ രണ്ടു സർവീസുകളാണ് വീണ്ടും നിർത്തലാക്കിയത്. ഇതോടെ ചുരം വഴി ആറു സർവീസുകൾ മാത്രമാണ് ഇപ്പോഴുള്ളത്. അര മണിക്കൂർ കൂടുമ്പോൾ പാൽച്ചുരം വഴി ബസോടിയിരുന്ന സ്ഥാനത്താണ് ട്രിപ്പുകൾ ഒഴിവാക്കിയും സമയം തെറ്റിച്ചോടിയും കെഎസ്ആർടിസിയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.
പൽച്ചുരം വഴി ഇപ്പോഴും ഉച്ചയ്ക്കു ശേഷം ബസോടുന്നത് മണിക്കൂറുകളുടെ ഇടവേളയിലാണ്. നിലവിൽ ഉച്ചയ്ക്ക് 2.30-നും വൈകുന്നേം 5.30നു മാത്രമാണ് മാനന്തവാടിയിൽ നിന്നും പാൽചുരം വഴി ബസോടുന്നത്. ഇത് മാനന്തവാടി സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നവരെയും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരേയും വിദ്യാർഥിക്കളെയും ഒരു പോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അടക്കാത്തോട് ശാന്തിഗിരി സർവീസ് തുടങ്ങാത്തത് ഈ പ്രദേശത്തുള്ളവരെ കടുത്ത യാത്രാ പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ട്.