പേരാവൂർ : താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ശിലാസ്ഥാപനം ഫെബ്രുവരി 22 തിങ്കളാഴ്ച്ച 10.30ന് മന്ത്രി കെ.കെ ശൈലജ ടീച്ചർ നിർവഹിക്കും. സണ്ണിജോസഫ് .എം.എൽ.എ അധ്യക്ഷത വഹിക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,ഡി. എം.ഒ.ഡോ :കെ.നാരായണ നായ്ക്, ഡി.പി.എം.ഡോ :പി.കെ.അനിൽകുമാർ,പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ, രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
പേരാവൂർ പഞ്ചായത്തിൽ 1974 ൽ ഗവണ്മെന്റ് റൂറൽ ഡിസ്പൻസറിയായി വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിക്ക് 81 ൽ പേരാവൂർ ടൗണിനു സമീപം 2 ഏക്കർ 49 സെന്റ് സ്ഥലം ഏറ്റെടുത്ത് ഗവണ്മെന്റ് ആശുപ്രതിയായി സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയായിരുന്നു.2000-ൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായും 2008 നവംബറിൽ താലൂക്ക് ആശുപ്രതിയായും ഉയർത്തപ്പെട്ടു.
പേരാവൂർ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും ആറളം ആദിവാസി സെറ്റിൽമെന്റ്, തില്ലങ്കേരി പഞ്ചായത്തിലെയും ആളുകൾ ഈ ആശുപ്രതിയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
വിദഗ്ധ ചികിൽസക്കായി മേഖലയിലെ ആളുകൾ കുറഞ്ഞത് 50 കിലോമീറ്ററെങ്കിലും യാത്ര ചെയ്യേണ്ടതുണ്ട് എന്നത് പേരാവൂർ താലൂക്ക് ആശുപ്രതിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.ആയിരത്തോളം രോഗികൾ ദിവസേന ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നുണ്ട്.
ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ് , ഓർത്തോ-ജനറൽ സർജറി , ഇ. എൻ.ടി സർജറി- അനസ്തേഷ്യ , പീഡിയാട്രിക് ഡിപ്പാർട്ട്മെന്റ് , ലേബർ റൂം , ഓപ്പറേഷൻ തീയേറ്റർ വിഭാഗങ്ങൾ,വിപുലമായ ലാബ് സൗകര്യം , മെന്റൽ ഹെൽത്ത് , ആംബുലൻസ് സൗകര്യം , ഡന്റൽ യൂണിറ്റ് ഡിജിറ്റൽ എക്സ്റേ എന്നിവയ്ക്ക് പുറമേ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഡയാലിസിസ് യൂണിറ്റും കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ഈ ആസ്പത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.
നോൺ കൊവിഡ് ആശുപ്രതിയായതിനാൽ ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ് ആരംഭിക്കുകയും മാസത്തിൽ നൂറോളം പ്രസവങ്ങൾ നടക്കുന്നുമുണ്ട്.കൊവിഡ് രോഗ പരിശോധനക്കായി ഡ്രൈവ് ഇൻ ടെസ്റ്റിംഗ് സെന്റർ ഏർപ്പെടുത്തിയ മേഖലയിലെ ഏക ആശുപ്രതിയാണിത്. ഈ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ ഭരണ സമിതിയുടെയും താലൂക്ക് അശുപ്രതിയിലെ ഡോക്ടർമാർ, ജീവനക്കാർ എന്നിവരുടെ നിസ്വാർഥമായ സേവന , സമർപ്പണ – മനോഭാവവുമാണ്.
പേരാവൂർ താലൂക്ക് ആശുപ്രതിയുടെ ഉന്നമനത്തിനു വേണ്ടി നിരവധി നിവേദനങ്ങളും പരാതികളും നിരന്തരം സമർപ്പിച്ചിരുന്നുവെങ്കിലും ഒരു സ്പെഷാലിറ്റി ആശുപ്രതി മാസ്റ്റർ പ്ലാൻ അംഗീകരിച്ചു കിട്ടിയത് ഇപ്പോഴാണ്.
കേരള സർക്കാർ കിഫ്ബിയിലുൾപ്പെടുത്തി വാപ്കോസ് എന്ന ഏജൻസി മുഖാന്തിരമാണ് 52 കോടി രൂപയുടെ മാസ്റ്റർപ്ലാൻ രണ്ടു ഘട്ടമായി നടപ്പാക്കുന്നത്.പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ആശുപ്രതിയിൽ നിന്നുള്ള സേവനങ്ങൾ തുടർന്നും ലഭിക്കുന്നതിനായി സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് 28 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.