കണ്ണൂർ: കാന്‍സര്‍ ചികിത്സാരംഗത്ത് മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തുന്ന മുഴുവന്‍ ഇടപെടലുകള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ 30 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച പദ്ധതികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
12 കോടിയുടെ പെറ്റ് സിടി സ്കാന്‍, 3.43 കോടിയുടെ കാന്‍സര്‍ ബയോബാങ്ക്, 3.50 കോടിയുടെ ടെലികൊബാള്‍ട്ട്, 1.60 കോടി രൂപയുടെ എച്ച്ഡിആര്‍ ബ്രാക്കി തെറാപ്പി, 40 ലക്ഷം രൂപയുടെ ബ്ലഡ് ആൻഡ് മാരോ ഡോണര്‍ രജിസ്ട്രി, ഒമ്പത് കോടി രൂപ ചെലവിൽ നിർമിച്ച ജനറല്‍ സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പെറ്റ് സിടി സ്കാനര്‍ സ്ഥാപിക്കുന്ന രണ്ടാമത്തെ ആശുപത്രിയാണ് എംസിസി. ഇത്രയുംകാലം പിടി സ്കാന്‍ ചെയ്യാന്‍ പുറത്തുള്ള ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. എല്‍എസ്ഒ ക്രിസ്റ്റല്‍ ടെക്നോളജിയില്‍ ഏറ്റവും കുറഞ്ഞ റേഡിയേഷന് ഡോസില്‍ ടൈം ഓഫ് ഫ്ലൈറ്റ് ടെക്നോളജിയിലൂടെ ഏറ്റവും വേഗത്തില്‍ ഈ ഉപകരണങ്ങള്‍ വഴി സ്കാനിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയും. സംസ്ഥാനത്തെ ആദ്യ ബയോബാങ്കും എംസിസിയില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. ഗവേഷണ ആവശ്യങ്ങള്‍ക്കായി ചിട്ടയായ രീതിയില്‍ സംഘടിപ്പിച്ച മനുഷ്യ ജൈവസാമ്പിളുകളുടെയും അനുബന്ധ വിവരങ്ങളുടെയും ശേഖരമാണ് ബയോബാങ്ക്. മരുന്നുകള്‍, ബയോമാര്‍ക്കര്‍ എന്നിവ വികസിപ്പിക്കുന്നതിനും ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്കും ബയോബാങ്കിനെ ഉപയോഗപ്പെടുത്താന്‍ കഴിയും. എംസിസിയിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് വികസനത്തിന്റെ രണ്ടാംഘട്ടത്തിനായി 345 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അനുമതി ലഭിച്ചതായി എംസിസി ഡയറക്ടര്‍ ഡോ. സതീശന് ബാലസുബ്രഹ്മണ്യം അറിയിച്ചു.
ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. എ.എന്‍. ഷംസീര്‍ എംഎല്‍എ, കൗണ്‍സിലര്‍ വി. വസന്ത, ഡോ. സംഗീത നായനാര്‍ എന്നിവര്‍ പങ്കെടുത്തു.