തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ ഫീസ് ഈടാക്കുന്നുവെന്ന പരാതി രാഷ്ട്രീയ കക്ഷികൾ ഉന്നയിച്ചിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ . ഈ വിഷയം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തി.
മുഴുവൻ പോളിംഗ് ഉദ്യോഗസ്ഥർക്കും കോവിഡ് 19 കിറ്റ് നൽകുകയും മുന്നണിപ്പോരാളികളായി കണക്കാക്കി വാക്സിൻ നൽകുകയും ചെയ്യും. 80 വയസു കഴിഞ്ഞവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടാവും. കോവിഡ് പോസിറ്റീവ് ആയവർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം.വോട്ടർപട്ടിക സംബന്ധിച്ച പരാതികൾ രാഷ്ട്രീയ കക്ഷികൾക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയിൽ കൊണ്ടുവരാം.തെരഞ്ഞെടുപ്പ് നടപടികളിൽ പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗവും ചില മാധ്യമങ്ങളുടെ പക്ഷപാതിത്വവും ഒഴിവാക്കാൻ നടപടി വേണമെന്ന് രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.