കണ്ണൂർ: ഉന്നത വിദ്യാഭ്യാസമേഖലയുടെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന നവകേരളം -യുവകേരളം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സര്‍വകലാശാലകളെയും കോളജുകളെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന കോഴ്സുകള്‍ കേരളത്തില്‍ ഇല്ലെന്നതിനാല്‍ നിരവധി പേര് സംസ്ഥാനത്തിന് പുറത്തുപോയാണ് പഠിക്കുന്നത്. കേരളത്തിലെ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നതോടെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ ഇങ്ങോട്ടുവരുന്ന സ്ഥിതിയുണ്ടാകും. അടുത്തഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ കുട്ടികള്‍ പഠിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിലെ പ്രഗത്ഭരുമായി സംവദിക്കാന്‍ നമ്മുടെ ഉന്നത കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്കുന്ന എമിനന്റ് സ്കോളേഴ്സ് ഓണ്‍ലൈന്‍ പരിപാടി തുടങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. അക്കാദമിക് മികവ് പുലര്‍ത്തുന്ന 1000 ബിരുദ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ ലഭ്യമാക്കുന്ന പദ്ധതിയും ശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് ഒരു മാസം ഒരു ലക്ഷം രൂപ വരെ നല്കുന്ന പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യൂണിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പ് കാന്പസില് നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീല്‍ ആമുഖപ്രസംഗം നടത്തി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി. കെ. രാമചന്ദ്രന്, വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്, എം.കെ. ഹസന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രോ-വൈസ് ചാന്‍സലര്‍ പ്രഫ. എ സാബു ഉപഹാരസമര്‍പ്പണം നടത്തി.
എം.വി. നികേഷ് കുമാറായിരുന്നു പരിപാടിയുടെ അവതാരകന്. കണ്ണൂര്‍ സര്‍വകലാശാല സംഗീത പഠനവകുപ്പ് വിദ്യാര്‍ഥികളുടെ സ്വാഗതഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ ടെലിവിഷന്‍ അവതാരകന് ജി.എസ്. പ്രദീപ് ‘ഇന്സപയര് കേരള’ എന്ന വിഷയം അവതരിപ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍നിന്നുള്ള വിദ്യാര്ഥിപ്രതിനിധികളാണ് സംവാദത്തില്‍ പങ്കെടുത്തത്.