24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഏതു ഗ്രാമീണ സ്‌കൂളിലും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യമൊരുക്കി- മുഖ്യമന്ത്രി
Kerala

ഏതു ഗ്രാമീണ സ്‌കൂളിലും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യമൊരുക്കി- മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏതു ഗ്രാമത്തിലെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുന്ന അവസ്ഥയിലെത്തിയതായും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർമിച്ച 111 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016 ൽ ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ കുട്ടികൾ കൊഴിഞ്ഞ് പൊതുവിദ്യാലയങ്ങൾ തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു. സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാൽ പാവപ്പെട്ടവർക്ക് മികച്ച വിദ്യാഭ്യാസം നേടാനാവാത്ത അവസ്ഥയായിരുന്നു. സമൂഹം മുന്നോട്ടുപോകാൻ എല്ലാവരും സമമായി മുന്നോട്ടുപോകണം. അതുകൊണ്ടാണ് പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സർക്കാർ മുന്നോട്ടുവന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയുള്ള മാറ്റം നാടാകെ പ്രകടമാണ്. ഭാവികേരളത്തിന്റെ വളർന്നുവരുന്ന പുതുതലമുറയുടെ വിദ്യാഭ്യാസ അടിത്തറയും കാഴ്ചപ്പാടും മാറുകയാണ്. വലിയതോതിൽ കഴിവുനേടിയവരായി അവർ മാറും. ഇപ്പോൾത്തന്നെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്നവരുടെ മികവ് പലവിധത്തിൽ പ്രകടമാകുന്നു.
നിരവധി പ്രതിസന്ധികൾക്കും മഹാമാരികൾക്കുമിടയിലാണ് പൊതുവിദ്യാഭ്യാസരംഗത്തും മറ്റു മേഖലകളിലും നിരവധി നേട്ടങ്ങളുണ്ടാക്കാനായതെന്നത് ചാരിതാർഥ്യമുള്ള കാര്യമാണ്.
കോവിഡ് കാലത്ത് വിദ്യാഭ്യാസരംഗത്തെ ഒരു അന്ധാളിപ്പുമില്ലാതെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനായി. ഓൺലൈൻ സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയപ്പോൾ നാടും ഒപ്പം അണിനിരന്നു. കോവിഡാനന്തര കാലത്ത് സ്‌കൂളുകളിൽ ചെല്ലുന്ന വിദ്യാർഥികൾ മുമ്പ് കണ്ട സ്‌കൂളുകളിലേക്കായിരിക്കില്ല ചെല്ലുന്നത്. വലിയ മാറ്റങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് അവരെ കാത്തിരിക്കുന്നത്.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിലുൾപ്പെടെ ഫലപ്രദമായി സഹായിച്ചത് കിഫ്ബിയാണ്. ഇപ്പോൾ ഏതു കുട്ടിയോടു ചോദിച്ചാലും കിഫ്ബിയെക്കുറിച്ചറിയാം. എന്നാൽ, നാടിന്റെ വികസനത്തിനാകെ ഗുണമുണ്ടാക്കുന്ന ഏറ്റവും നല്ല ഏജൻസിയെ അപകീർത്തിപ്പെടുത്താനും ഇകഴ്ത്താനുമാണ് ശ്രമമുണ്ടായത്. എന്നാൽ നാട്ടുകാർ നല്ല രീതിയിൽതന്നെയാണ് ഇതെല്ലാം കണ്ടത്.
സ്‌കൂളായാലും റോഡായാലും ആശുപത്രിയായാലും മറ്റു വികസനപ്രവർത്തനങ്ങളായാലും കിഫ്ബിയെന്ന സാമ്പത്തികസ്രോതസിലൂടെയാണ് പണം കണ്ടെത്തിയത്. 50,000 കോടിയുടെ വികസനം കിഫ്ബിയിലൂടെ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇപ്പോൾ 62,000 കോടിയുടെ പദ്ധതികളാണ് തയാറാക്കിയത്. നാടിന്റെ വികസനം മാത്രമായിരുന്നു സർക്കാരിന്റെ ചിന്ത.
കിഫ്ബിയുടെ അഞ്ചുകോടി വീതം ധനസഹായത്തിൽ മണ്ഡലത്തിൽ ഒന്ന് എന്നനിലയിൽ നിർമിക്കുന്ന സ്‌കൂൾ മന്ദിരങ്ങളിൽ 22 എണ്ണമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. ഈ വിഭാഗത്തിൽ 66 എണ്ണം നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. കിഫ്ബിയിലൂടെ തന്നെ മൂന്നു കോടി വീതം സഹായത്തിൽ 44 കെട്ടിടങ്ങൾ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. ഈ വിഭാഗത്തിൽ 21 എണ്ണവും ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ മറ്റു ഫണ്ടുകൾ ഉപയോഗിച്ചുള്ള 68 സ്‌കൂൾ മന്ദിരങ്ങളും ചേർത്താണ് 111 മന്ദിരങ്ങളും ഉദ്ഘാടനം നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു. മറ്റു മന്ത്രിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ. ജീവൻബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Related posts

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബ​സ് നി​കു​തി ഒ​ഴി​വാ​ക്കി​യതിന് അം​ഗീ​കാ​രം

Aswathi Kottiyoor

ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല; പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്

Aswathi Kottiyoor

പൂച്ച മാന്തിയതിനെ തുടർന്ന് പേവിഷബാധ വാക്‌സിനെടുത്ത 14 കാരന്റെ ശരീരം തളർന്നു

Aswathi Kottiyoor
WordPress Image Lightbox