കോവിഡ് പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ നിർദ്ദേശിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ സാധ്യതകൾ വിശകലനം ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് കേരള ഹെൽത്ത് വെബിനാർ സമ്മേളനം സംഘടിപ്പിക്കുന്നു.
സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 17 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വെബിനാറിന്റെ കർട്ടൻ റെയ്‌സറും വെബ് സൈറ്റും ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. കേരളത്തിന്റെ പ്രവർത്തനങ്ങൾ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാനും ലോകത്ത് നടക്കുന്ന മികച്ച പ്രവർത്തനങ്ങൾ സ്വാംശീകരിക്കാനുമാണ് ഇത്തരമൊരു അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ശാരീരികവും മാനസികവുമായ സുസ്ഥിരതകൾ കൈവരിക്കാൻ ഏതെല്ലാം മേഖലകളിലൂടെ മികച്ച പ്രവർത്തനം നടത്താം എന്നതാണ് ലക്ഷ്യമിടുന്നത്. സർക്കാർ ആരംഭിച്ച ആർദ്രം മിഷൻ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ കേരളം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. കേരള ഹെൽത്ത് ചർച്ചകളിലൂടെ ഉയർന്നു വരുന്ന നിർദ്ദേശങ്ങൾ സംസ്ഥാനത്തിന്റെ 14-ാമത് പഞ്ചവത്സര പദ്ധതിയിൽ ഇടം പിടിയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
17 മുതൽ മാർച്ച് നാല് വരെ അഞ്ച് വിഷയങ്ങളിലായാണ് വിശദമായ ചർച്ച നടക്കുന്നത്. സാർവത്രിക ആരോഗ്യ സുരക്ഷ; ആരോഗ്യസൗഖ്യത്തിലേക്കുള്ള നീക്കം(17), കോവിഡ്19 മഹാമാരി; ആരോഗ്യവകുപ്പിന്റെ പ്രതികരണം, പ്രതിരോധം, തയ്യാറെടുപ്പ്(18), മാതൃ-ശിശു മരണ നിരക്കിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ; സത്യമോ മിഥ്യയോ(24), പകരാത്ത രോഗങ്ങളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ(25), ക്ഷയരോഗ നിവാരണം; കർമ്മപദ്ധതി(മാർച്ച് 4) എന്നിവയാണ് വിഷയങ്ങൾ. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതൽ രാത്രി എട്ടു വരെയാണ് ചർച്ച.
അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, പരിചയ സമ്പത്തും അറിവും പങ്കുവയ്ക്കൽ, ഭരണ നേതൃത്വവും വികസന പങ്കാളികളുമായുള്ള ചർച്ചകൾ എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ആകർഷണം.
ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ദേശീയാരോഗ്യ ദൗത്യം സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവർ സംബന്ധിക്കും.