മാങ്ങാട്ടുപറമ്പ് : ഇ കെ നായനാര് സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില് പുതുതായി നിര്മ്മിച്ച വന്ധ്യതാ ചികിത്സാകേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർഹിച്ചു. നവീകരിച്ച പ്രസവ വാര്ഡുകളുടെയും പ്രസവ മുറിയുടെയും പ്രവര്ത്തനോദ്ഘാടനവും കാഷ്വാലിറ്റി ബ്ലോക്കിന്റെയും അഗ്‌നിസുരക്ഷാ സംവിധാനത്തിന്റെയും നിര്മ്മാണ പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ചു.
74.85 ലക്ഷം രൂപ ചെലവില് നിര്മ്മാണം പൂര്ത്തിയാക്കിയ വന്ധ്യതാ ചികിത്സാ കേന്ദ്രം സര്ക്കാര് സംവിധാനത്തില് മലബാര് മേഖല യിലെ ആദ്യത്തെ സംരംഭമാണ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ദമ്പതികള്ക്ക് കേന്ദ്രം വലിയ പ്രത്യാശ നല്കും. ലേബര് റൂം ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനീഷിയേറ്റീവ് പ്രോഗ്രാം (ലക്ഷ്യ) പ്രകാരം 1.28 കോടി രൂപ ചെലവഴിച്ചാണ് പ്രസവമുറി, പ്രസവവാര്ഡുകള്, ഓപ്പറേഷന് തിയേറ്റര്, സെന്ട്രല് ഗ്യാസ് പ്ലാന്റ് എന്നിവയുടെ നവീകരണ പ്രവൃത്തികള് പൂര്ത്തിയാക്കിയത്. 87 ലക്ഷം രൂപ ചെലവഴിച്ച് ഏഴ് കൊവിഡ് ഐസൊലേഷന് മുറികളും സെന്ട്രല് വെയിറ്റിംഗ് ഏരിയ, നഴ്‌സിംഗ് സൂപ്രണ്ട് ഓഫീസ്, സ്റ്റേഷനറി സ്റ്റോര്, ആധുനികവല്ക്കരിച്ച ഫാര്മസി, മെഡിക്കല് സ്റ്റോര്, മോഡുലാര് അടുക്കള എന്നിവയും ആശുപത്രിയില് സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് കോടി രൂപയാണ് കാഷ്വാല്റ്റി ബ്ലോക്കിന്റെ നിര്മ്മാണ പ്രവൃത്തിക്കായി വകയിരുത്തിയിട്ടുള്ളത്. അഗ്‌നി സുരക്ഷാ സംവിധാനം, മഴവെള്ള സംഭരണി, പവര് റൂം, ഓഫീസ് നവീകരണം ഉള്പ്പെടെയുള്ള പശ്ചാത്തല സൗകര്യ വികസനത്തിന് 2.50 കോടി രൂപയും അനുവദിച്ചിച്ചിട്ടുണ്ട്.