കണ്ണൂര്‍: കേരം തിങ്ങും കേരള നാട്ടില്‍ പച്ചത്തേങ്ങവില റെക്കോര്‍ഡിലേക്ക്. പച്ചത്തേങ്ങ കിലോയ്ക്ക് 42 രൂപയായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍. എന്നാല്‍ ഇപ്പോൾ മൂന്നു രൂപ വര്‍ധിച്ച് 45 രൂപയായി. കഴിഞ്ഞയാഴ്ച കൊപ്രയ്ക്കു കിലോയ്ക്ക് 126 രൂപയായിരുന്നു വില. ഇപ്പോഴത് നാലുരൂപ വര്‍ധിച്ച് 130 രൂപയായി. തേങ്ങവില കൂടിയതോടെ വെളിച്ചെണ്ണയുടെ വിലയിലും വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.
വെളിച്ചെണ്ണ ലിറ്ററിന് 20 രൂപ വര്‍ധിച്ച് 210 രൂപയില്‍നിന്ന് 230 രൂപയായി. എന്നാല്‍ തേങ്ങയുടെ വില കുതിച്ചുയരുമ്പോഴും അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
ഉയര്‍ന്ന വില ലഭിക്കുമ്പോള്‍ വില്ക്കാന് നാളികേരമില്ലാത്ത അവസ്ഥയാണ് കേരകര്ഷകരുടേത്. കിലോയ്ക്ക് 20 രൂപ ലഭിച്ചിരുന്ന കാലത്തെ ഉത്പാദനം ഇപ്പോഴില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അതുകൊണ്ട് ഇപ്പോഴത്തെ വിലവര്‍ധനകൊണ്ട് കര്ഷകന് ഗുണം ലഭിക്കുന്നില്ല. പച്ചത്തേങ്ങ ഉത്പാദനത്തില്‍ 40 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള തേങ്ങയുടെ വരവിലും ഗണ്യമായ കുറവുണ്ടായതാണ് വില വര്‍ധിക്കാന്‍ കാരണം. പച്ചത്തേങ്ങ കിട്ടാത്തതിനാല്‍ പല വെളിച്ചെണ്ണ മില്ലുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. ആവശ്യത്തിന് മഴ ലഭിക്കാത്തത് തമിഴ്നാട്ടിലും കര്‍ണാടകയിലും ഉത്പാദനക്കുറവിന് കാരണമായിട്ടുണ്ട്. കേരളത്തിൽ ജനുവരി മുതൽ പെയ്ത മഴ തെങ്ങിനും തേങ്ങകള്‍ക്കും പ്രതികൂലമായി. തത്ഫലമായി കൂമ്പുചീയല്‍, മണ്ഡരി ബാധ ഉള്‍പ്പെടെ തെങ്ങിനെ ബാധിച്ചു. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ തേങ്ങ ഉത്പാദനം നടക്കുന്നത്. എന്നാല്‍, കാലാവസ്ഥാവ്യതിയാനം ഉത്പാദനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേരകര്ഷകരുള്ളത്. തെക്കന്‍ കേരളത്തിലേക്കുള്‍പ്പെടെ തേങ്ങ കയറ്റുമതി ചെയ്തിരുന്നത് ഇവിടെനിന്നായിരുന്നു.
കേരളത്തില്‍ 150 തെങ്ങില്‍നിന്ന് പ്രതിവര്‍ഷം 40,000 രൂപ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വീട്ടാവശ്യം കഴിച്ചാല്‍ പേരിനു മാത്രമാണ് വില്ക്കാന് കിട്ടുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നാടന്‍ തേങ്ങ ഉത്പാദനം പകുതിയിലധികം കുറഞ്ഞതായി നാളികേര വികസന ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ തേങ്ങയ്ക്ക് വില കൂടിയാലും വില്‍ക്കാനില്ലാത്തതിനാൽ കര്‍ഷകര്‍ക്ക് വിലക്കയറ്റത്തിന്റെ പ്രയോജനം ലഭിക്കുന്നില്ല.