തിരുവനന്തപുരം: കോവിഡ് നിർണയിക്കുന്നതിൽ ആന്റിജൻ പരിശോധന തന്നെയാണു ഫലപ്രദമെന്ന് ആരോഗ്യ വകുപ്പ്. ആർടിപിസിആർ പരിശോധന കൂട്ടുന്നത് അധിക ഭാരമാണ്. ഇതു ചെലവു കൂട്ടും. കോവിഡ് രോഗം വന്നു പോയവരിലും 42 ദിവസം വരെ പോസിറ്റീവ് ആയി കാണിക്കും. ആന്റിജൻ പരിശോധന ചെയ്യുന്ന സംസ്ഥാനത്തിന്റെ നടപടി ശാസ്ത്രീയമാണെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജനുവരി 31 വരെ സംസ്ഥാനത്ത് 27,65,823 ആർടിപിസിആർ പരിശോധനയാണു നടന്നത്. ഇതിൽ 3,19,629 പേർക്കു രോഗം സ്ഥിരീകരിച്ചു. അതേസമയം, ആന്റിജൻ പരിശോധനയാകട്ടെ 63,91,264 സാന്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 5,82,593 പേർക്ക് രോഗം സ്ഥിരീകരിച്ചു. സിനാറ്റ്, ട്രുനാറ്റ് തുടങ്ങിയത് ഉൾപ്പെടെ 96,25,913 സാന്പിളുകളാണ് ആകെ പരിശോധിച്ചത്. ഇതിൽ 9,29,178 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ആന്റിജൻ പരിശോധന നടത്തിയാൽ ഇരുപതു മിനിറ്റിനുള്ളിൽ ഫലമറിയാൻ കഴിയും. എന്നാൽ, ആർടിപിസിആർ പരിശോധനയാകട്ടെ കാലതാമസമുണ്ടാകും. സാംപിൾ ശേഖരിച്ച് ലാബിലെത്തിച്ച് പരിശോധിക്കേണ്ടി വരും. രണ്ടു ദിവസം വരെ ഫലമറിയാൻ വേണ്ടി വരും.
ഇതിനിടെ കോവിഡ് രോഗം ബാധിച്ചിട്ടുള്ള ആളാണെങ്കിൽ മറ്റുള്ളവരിലേക്കു രോഗ പകർച്ച എത്തിക്കാനും കാരണമാകും. അതിനാൽ ആന്റിജൻ പരിശോധനതന്നെയാണു ഫലപ്രദം. വേഗത്തിൽ രോഗിയെ കണ്ടെത്തുകയും ഐസൊ ലേഷനിൽ പ്രവേശിപ്പിക്കാനും മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കാൻ ആന്റിജൻ പരിശോധനയിലൂടെ സാധിക്കുമെന്നും ആരോഗ്യ വകുപ്പിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു.കോവിഡ് വ്യാപനമുണ്ടായ 2020-ൽ കോവിഡ് ഇല്ലാതിരുന്ന 2019-നേക്കാൾ മരണനിരക്ക് 11.1 ശതമാനം കുറവാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
ആരോഗ്യപ്രവർത്തകരുടെ കൂട്ടായ്മ രേഖപ്പെടുത്തിയ അനൗദ്യോഗിക കണക്കിൽ മരണസംഖ്യ 4,607 ആണ്.
2020-ൽ കേരളത്തിൽ ആകെ ഉണ്ടായത് 2,34,536 മരണങ്ങൾ. കോവിഡ്, പകർച്ചവ്യാധി ബാധിച്ചുള്ള മരണങ്ങൾ ഉൾപ്പെടെയാണിത്. 2019-ലെ ആകെ മരണ സംഖ്യ 2,63,901. 2019 നേക്കാൾ 11.1 ശതമാനം കുറവാണ് 2020-ലെ മരണ സംഖ്യ.