കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കണ്ണൂരില്‍ രണ്ടിടങ്ങളില്‍ കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് തളിപ്പറമ്ബ്, ശ്രീകണ്ഠാപുരം എന്നിവടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞമാസം 31ന് യാത്ര തുടങ്ങിയതുമുതല്‍ വലിയ ആള്‍ക്കൂട്ടം ജാഥയിലുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയെ തോളിലേറ്റിയൊക്കെയായിരുന്നു പലയിടത്തും എത്തിച്ചിരുന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് ഇത്തരം കാര്യങ്ങള്‍ ചുണ്ടാക്കാട്ടി ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീകണ്ഠാപുരത്തെയും തളിപ്പറമ്ബിലെയും പൊലീസ് കേസ് എടുത്തിരിക്കുന്നത്.
കണ്ണൂരിലെ യാത്രക്ക് നേതൃത്വം നല്‍കിയ ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി ഉള്‍പ്പെടെ നാനൂറോളം പേര്‍ക്കെതിരെയാണ് തളിപ്പറമ്ബില്‍ കേസ് ഉള്ളത്.
ശ്രീകണ്ഠാപുരത്ത് പ്രാദേശിക നേതാക്കളടക്കം നൂറുപേര്‍ക്കെതിരെയും കേസുണ്ട്. ജാഥയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ജാഥയുമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ആരോഗ്യ പ്രോട്ടോക്കോള്‍ പാലിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. കേരളത്തിലെ മന്ത്രിമാരാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.