കോവിഡ് നിയന്ത്രണം മൂലം സ്കൂളുകൾ അടഞ്ഞുകിടന്നതിനാൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത്തവണ പരീക്ഷ ഒഴിവാക്കും. ഈ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പൂർണമായും ക്ലാസ് കയറ്റം നല്‍കാനാണ് ധാരണ. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകാതെ ഔദ്യോഗിക തീരുമാനമെടുക്കും. പരീക്ഷക്ക് പകരം വിദ്യാര്‍ഥികളെ വിലയിരുത്താനുള്ള മാർഗങ്ങളും ആലോചിക്കുന്നുണ്ട്. ഒരു അധ്യയനദിനം പോലും സ്കൂളിൽ ലഭിക്കാത്ത സാഹചര്യത്തിലാണ് സമ്പൂർണ പാസ് പരിഗണിക്കുന്നത്. പൊതുപരീക്ഷയായി നടത്തുന്ന ഒന്നാംവർഷ ഹയര്‍സെക്കന്ററി (പ്ലസ് വൺ) പരീക്ഷയും ഈ വർഷം നടക്കില്ല.
പകരം അടുത്ത അധ്യയന വർഷ ആരംഭത്തിൽ സ്കൂൾ തുറക്കാൻ സാധിക്കുമ്പോള്‍ പ്ലസ് വൺ പരീക്ഷ നടത്താനുള്ള സാധ്യതയാണ് സർക്കാർ ആരായുന്നത്. പ്ലസ് വൺ പരീക്ഷ ഒഴിവാക്കാന്‍ ആലോചിക്കുന്നുണ്ടെങ്കിലും സാങ്കേതിക കുരുക്കുകള്‍ വിലങ്ങ് തടിയാകാനാണ് സാധ്യത.
ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികൾക്ക് സമ്പൂർണ ക്ലാസ്കയറ്റം അനുവദിക്കുമ്പോള്‍ ഒമ്പതിൽനിന്ന് പത്തിലേക്ക് വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് ക്ലാസ്കയറ്റ പട്ടിക തയാറാക്കുന്നത്. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകും എന്ന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് പരീക്ഷകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.