വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള നീരെഴുന്നള്ളത്ത് ചടങ്ങ് ചൊവ്വാഴ്ച നടക്കുന്നതോടെ ഉത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളും പൂർത്തിയാവുകയാണ്. മേയ് 15 ന് നെയ്യാട്ടം ചടങ്ങോടെയാണ് ഉത്സവം തുടങ്ങുക.
16-ന് ഭണ്ഡാര എഴുന്നള്ളത്ത് നടക്കും. ഭണ്ഡാര എഴുന്നള്ളത്തിൻ്റെ കൂടെ മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ചെത്തിക്കുന്ന വാളുകൾ അക്കരെ സന്നിധാനത്ത് വാളറയിൽ പ്രതിഷ്ഠിച്ചതിന് ശേഷം മാത്രമാണ് സ്ത്രീകൾക്ക് അക്കരെ സന്നിധാനത്ത് പ്രവേശനമുണ്ടാവുക.
അക്കരെ കൊട്ടിയൂരിലെ കയ്യാലകളുടെ നിർമാണം പുരോഗമിക്കുകയാണ്. കമുക്, ഓല തുടങ്ങിയവ ഉപയോഗിച്ചാണ് ഉത്സവകാലത്തേക്ക് മാത്രമായി താത്‌കാലിക കയ്യാലകൾ നിർമിക്കുന്നത്. നാൽപ്പതോളം കയ്യാലകളാണ് അക്കരെ സന്നിധിയിൽ നിർമിക്കുന്നത്. പൂജകളുമായി ബന്ധപ്പെട്ടതും അടിയന്തിരക്കാർക്ക് താമസിക്കുന്നതിനുമായാണ് താത്കാലിക കയ്യാലകൾ. ഓല മേഞ്ഞ കയ്യാലകളാണ് പരമ്പരാഗതവും ആചാരപ്രകാരവും നിർമിക്കുക. വൈശാഖമഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് കൊട്ടിയൂർ ദേവസ്വം അധികൃതർ വ്യക്തമാക്കി.
ഭക്തർ എത്തുന്ന വാഹനങ്ങൾക്കായി പാർക്കിങ് സൗകര്യവും വിശ്രമമുറികളടമടക്കം എല്ലാവിധ സൗകര്യങ്ങളും ഒരുങ്ങുകയാണ്. ബാവലിപ്പുഴയിലെ വെള്ളം തടഞ്ഞ് അക്കരെ സന്നിധാനത്തെത്തിക്കുന്ന ബാവലിച്ചിറ, ബാവലിപ്പുഴയ്ക്കുകുറുകെ മണൽച്ചാക്കുകകൾ നിറച്ച് താത്കാലിക നടപ്പാതയും ഒരുക്കുന്നുണ്ട്.
ഉത്സവകാലത്തേക്കുള്ള താത്‌കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം കഴിഞ്ഞ ദിവസം കൊട്ടിയൂരിൽ നടത്തിയിരുന്നു. ക്ഷേത്രപരിസരത്തെ താത്‌കാലിക കച്ചവടകേന്ദ്രങ്ങളുടെ നിർമാണങ്ങളും തുടങ്ങിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ചടങ്ങുകൾ മാത്രമായിട്ടായിരുന്നു കഴിഞ്ഞ ഘട്ടങ്ങളിൽ ഉത്സവം. നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ ഇത്തവണ ഭക്തരുടെ ഒഴുക്കുണ്ടാകും എന്ന നിഗമനത്തിലാണ് ദേവസ്വം. അതുകൊണ്ട് തന്നെ ആവശ്യമായ സൗകര്യങ്ങൾ ഫലപ്രദമായി നടപ്പാക്കാനുള്ള ഒരുക്കങ്ങളാണ് കൊട്ടിയൂരിൽ പുരോഗമിക്കുന്നത്.