25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ധർമടത്ത് നാട്ടുകാർ കല്ലിടൽ തടഞ്ഞു
kannur

ധർമടത്ത് നാട്ടുകാർ കല്ലിടൽ തടഞ്ഞു

കണ്ണൂർ: മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തിൽപ്പെട്ട ധർമടം പഞ്ചായത്തിൽ കെ-റെയിൽ സർവേക്കല്ലിടൽ പ്രവൃത്തി സംഘടിച്ചെത്തിയ നാട്ടുകാർ തടഞ്ഞു. വൻപ്രതിഷേധത്തെ തുടർന്ന് കല്ലുകൾ സ്ഥാപിക്കാനായില്ല. പ്രതിഷേധത്തിനിടെ വാക്‌തർക്കവും കൈയാങ്കളിയും ഉണ്ടായി. സർവേ എൻജിനിയർ എം.ജി. അരുണിന് മർദനമേറ്റു.

മുഴപ്പിലങ്ങാട് ഭാഗത്തെ സർവേ ഉച്ചയോടെ പൂർത്തിയാക്കിയശേഷമാണ് സർവേസംഘം പുഴയ്ക്ക് അക്കരെയുള്ള ധർമടത്ത് എത്തിയത്. അവിടെ സ്ത്രീകളടക്കം വലിയ ജനക്കൂട്ടമുണ്ടായിരുന്നു. പോലീസ് സന്നാഹത്തോടെ കല്ലിടാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം ചെറുത്തു. ഇതിനിടയിൽ ഉന്തും തള്ളുമുണ്ടായി. ഒരിക്കലും കല്ലിടാൻ സമ്മതിക്കില്ലെന്ന് പരിസരവാസികളും നാട്ടുകാരും തീർത്തുപറഞ്ഞു.

ഉച്ചഭക്ഷണത്തിനായി മടങ്ങിയ സർവേസംഘം 3.45-ഓടെയാണ് തിരിച്ചെത്തിയത്. എങ്ങനെയും കല്ലിടണം എന്ന ഉദ്ദേശ്യത്തിലായിരുന്നു പോലീസ് സഹായത്തോടെ സംഘം വീണ്ടും എത്തിയത്. കല്ലിടാൻ അടയാളപ്പെടുത്തിയ സ്ഥലം സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ വളഞ്ഞു. കല്ലിടാൻ ഉദ്ദേശിച്ച സ്ഥലത്തിനു മുകളിൽ കസേരവെച്ച് സ്ഥലമുടമയും 79-കാരിയുമായ കെ.ടി. റംലത്ത് ബീവിയെ ഇരുത്തി. സമരക്കാർ ഇതിനു ചുറ്റുംനിന്ന് മുദ്രാവാക്യം വിളിച്ചു.

വയോധികയായ റംലത്ത് ബീവിയെ പിടിച്ചുമാറ്റാൻ പറ്റാത്ത അവസ്ഥയിലായിരുന്നു പോലീസ്. ഇതേ പറമ്പിന്റെ അരികിൽ കല്ലിടാൻ ശ്രമിച്ചെങ്കിലും സമരക്കാർ അതും ചെറുത്തു. വൈകീട്ട് അഞ്ചോടെ സർവേസംഘവും പോലീസും കല്ലിടാനാകാതെ മടങ്ങി. ധർമടം റെയിൽവേ പാലത്തിന് സമീപമുള്ള വീട്ടുപറമ്പിലാണ് സംഭവങ്ങൾ നടന്നത്. കെ-റെയിൽ സിൽവർലൈൻവിരുദ്ധ ജനകീയസമിതിയാണ് സമരത്തിന് നേതൃത്വം നൽകിയത്.

മുഴപ്പിലങ്ങാട്ട്‌ 16 കല്ലുകൾ സ്ഥാപിച്ചു

വെള്ളിയാഴ്ച രാവിലെമുതൽ മുഴപ്പിലങ്ങാട് പഞ്ചായത്തിൽപ്പെട്ട മുല്ലപ്പുറം ഭാഗത്താണ് കല്ലുകൾ സ്ഥാപിച്ചത്. ഇവിടെ 16 കല്ലുകൾ സ്ഥാപിച്ചതിൽ ഒരെണ്ണം വീട്ടുകാർ പിഴുതുമാറ്റി. ഇതിനിടെ സമരം നടത്തിയ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഈ ഭാഗത്ത് വീട്ടുകാരും സമരക്കാരുമാണ് പ്രതിഷേധിച്ചത്. എന്നാൽ ധർമടം പഞ്ചായത്തിൽ സംഘടിച്ചെത്തിയ ആളുകൾ കല്ലിടാൻ വിടാത്തവിധത്തിൽ പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും ഈ രീതിയിലുള്ള പ്രതിഷേധം നേരിടേണ്ടിവരുമെന്നും കല്ലിടാൻ അനുവദിക്കില്ലെന്നും കെ-റെയിൽ സിൽവർലൈൻവിരുദ്ധ ജനകീയസമിതി ഭാരവാഹികൾ പറഞ്ഞു.

Related posts

വി​ക​സി​ത രാ​ഷ്​​ട്ര​ത്തി‍െൻറ ത​ല​ത്തി​ലേ​ക്ക് കേ​ര​ള​ത്തെ ഉ​യ​ര്‍ത്താ​നാ​ണ് ഇ​ട​തു​മു​ന്ന​ണി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മുഖ്യമന്ത്രി………

Aswathi Kottiyoor

ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്

Aswathi Kottiyoor

കോ​വി​ഡ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ക്ഷേ​മാ​ന്വേ​ഷ​ണ​വു​മാ​യി പോ​ലീ​സ്

Aswathi Kottiyoor
WordPress Image Lightbox