തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണവും വിരമിക്കുന്ന മാർ ജോർജ് ഞരളക്കാട്ടിന് യാത്രയയപ്പും ബുധനാഴ്ച നടക്കും. തലശ്ശേരി സെയ്ന്റ് ജോസഫ്സ് കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ ഒൻപതിന് സ്ഥാനാരോഹണച്ചടങ്ങ് തുടങ്ങും.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. സിറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകും. പൊതുസമ്മേളനം 11.30-ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും.ഇന്ത്യയിയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി മുഖ്യാതിഥിയാകും. മെത്രാപ്പോലീത്തയുടെ നിയമനപത്രിക തലശ്ശേരി അതിരൂപത ചാൻസലർ ഫാ. ഡോ. തോമസ് തെങ്ങുംപള്ളിൽ വായിക്കും.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി.മുരളീധരൻ, തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ, ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, വിവിധ രൂപതാധ്യക്ഷൻമാർ, എം.പി.മാർ, എം.എൽ.എ.മാർ തുടങ്ങിയവർ പങ്കെടുക്കും. കണ്ണൂർ, കാസർകോട് ജില്ലകളിലെ 250 പള്ളികളെ പ്രതിനിധീകരിച്ച് 5000 പേർ ചടങ്ങിനെത്തും.