24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജോലിയില്ലാത്തതിനെച്ചൊല്ലി ആക്ഷേപം; യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കി.
Kerala

ജോലിയില്ലാത്തതിനെച്ചൊല്ലി ആക്ഷേപം; യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കി.


കൊല്ലം∙ യുവതി ജീവനൊടുക്കിയത് ഭർതൃമാതാവിന്റെ മാനസിക പീഡനത്തെത്തുടർന്നെന്നു സൂചനയുള്ള ശബ്ദ സന്ദേശവുമായി ബന്ധുക്കളുടെ പരാതി. എഴുകോൺ കടയ്ക്കോട് സുവ്യ ഭവനിൽ കെ.സുഗതൻ–അമ്പിളി ദമ്പതികളുടെ മകൾ എ.എസ്.സുവ്യ (36) ആണു മരിച്ചത്.

മരണത്തിനു തൊട്ടു മുൻപ് പിതാവിന്റെ സഹോദരി സുജാതയ്ക്ക് സുവ്യ വാട്സാപിൽ അയച്ച ശബ്ദ സന്ദേശത്തിലാണ് തന്റെ മരണത്തിന് ഉത്തരവാദി ഭർതൃമാതാവ് വിജയമ്മ ആണെന്നും ജോലിയില്ലാത്തതിന്റെ പേരിൽ നിരന്തരം നേരിടുന്ന ആക്ഷേപം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്നും മകനെ സ്വന്തം വീട്ടിൽ സംരക്ഷിക്കണമെന്നും കരഞ്ഞു പറയുന്നത്. 9 ന് സ്വന്തം വീട്ടിൽ നിന്നു തിരികെ പോയ സുവ്യയെ 10ന് രാവിലെ 8 ന് ഭർത്താവ് അജയകുമാറിന്റെ വീടായ കിഴക്കേ കല്ലട ഉപ്പുട് അജയ ഭവനത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കുണ്ടറ താലൂക്ക് ആശുപത്രിയിലും പിന്നീടു കൊല്ലം ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മരണവിവരം അറിഞ്ഞ ശേഷമാണ് സുവ്യ അയച്ച ശബ്ദസന്ദേശം സുജാതയുടെ ശ്രദ്ധയിൽപെട്ടത്.

ശബ്ദസന്ദേശം പുറത്തുവന്നതോടെ ഭർതൃവീട്ടിലേക്കു മൃതശരീരം കൊണ്ടുപോകാൻ സുവ്യയുടെ ബന്ധുക്കൾ തയാറായില്ല. സുവ്യയുടെ മരണവിവരം അറിഞ്ഞെത്തിയ അജയകുമാറിന്റെ ബന്ധുക്കളെ നാട്ടുകാർ തടഞ്ഞു തിരികെ വിട്ടതു മരണവീട്ടിൽ നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ 2 ന് എഴുകോണിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.

2014 ലായിരുന്നു സുവ്യയും അജയകുമാറുമായിട്ടുള്ള വിവാഹം. പെയിന്റിങ് തൊഴിലാളിയാണ് അജയകുമാർ. ആറുവയസ്സുകാരനായ ശ്രീപാദ് ഏകമകനാണ്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുവ്യയും ഭർതൃമാതാവ് വിജയമ്മയുമായി നിരന്തരം വഴക്കു നടന്നിട്ടുണ്ടെന്നും മരണം സംഭവിച്ച ദിവസം രാവിലെയും വഴക്കുണ്ടായി എന്നും അയൽവാസികളുടെ മൊഴിയുണ്ടെന്നും കിഴക്കേകല്ലട എസ്എച്ച്ഒ സുധീഷ് കുമാർ പറഞ്ഞു.

‘എനിക്കിനി സഹിക്കാൻ വയ്യ…’

‘‘ജീവിതം മടുത്തു. എനിക്കിനി സഹിക്കാൻ വയ്യ. എന്നും ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്നു പറയും. അയാൾ ഒരക്ഷരം മിണ്ടുന്നില്ല. നമ്മൾ ഇവിടുത്തെ വെറും ഏഴാംകൂലി. എന്നോട് ക്ഷമിക്കണം. അച്ഛനോടും അമ്മയോടും ക്ഷമിക്കാൻ പറയണം. മോനെ നോക്കാൻ പറയണം. എനിക്കിനി അവിടെ വന്നു നിൽക്കാൻ വയ്യ. എനിക്കു വയ്യ,മടുത്തു. സഹിക്കാൻ പറ്റുന്നതിന്റെ പരമാവധിയാണിത്.’’ മരണത്തിന് തൊട്ടു മുൻപ് സുവ്യ അച്ഛന്റെ സഹോദരി സുജാതയ്ക്ക് അയച്ച വാട്സാപ് സന്ദേശത്തിലെ ചില വാചകങ്ങളാണിത്.

ജോലി ഇല്ലാത്തതിന്റെ പേരിൽ ഭർതൃമാതാവ് വിജയമ്മ സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും ജോലിയില്ലാത്ത ഭാര്യയെ ഉപേക്ഷിക്കാനും മറ്റൊരു വിവാഹം കഴിക്കാനും പറഞ്ഞിരുന്നതായും ബന്ധുക്കൾ പറയുന്നു.

എംസിഎ പഠനം പൂർത്തിയാക്കിയ സുവ്യ ചില റാങ്ക് ലിസ്റ്റുകളിൽ ഉണ്ടായിരുന്നെങ്കിലും ജോലി ലഭിച്ചില്ല. പിഎസ്‌സി പരിശീലനം നടത്തിയിരുന്ന സുവ്യയോട് അത് അവസാനിപ്പിച്ച് തൊഴിലുറപ്പിനു പോകാനാണ് ഭർത്താവിന്റെ അമ്മ പറഞ്ഞിരുന്നതെന്നു സഹോദരൻ വിഷ്ണു പറയുന്നു.

Related posts

സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഒ​മ്പ​ത് എ​സ്പി​മാ​ർ​ക്ക് ഐ​പി​എ​സ് പ​ദ​വി

Aswathi Kottiyoor

ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും

Aswathi Kottiyoor

പ്ലസ് വണ്‍ പരീക്ഷയ്‌ക്ക് സുപ്രീംകോടതി അനുമതി; സര്‍ക്കാര്‍ വിശദീകരണം തൃപ്തികരം .

Aswathi Kottiyoor
WordPress Image Lightbox