24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി
Kerala

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താൻ അത്യന്താപേക്ഷിതമാണ്. കേരളത്തിൽ സ്ത്രീകളെ കമ്പോളവത്കരിക്കുന്ന ഏറ്റവും ദുഷിച്ച ഏർപ്പാടാണ് സ്ത്രീധനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീധനത്തിനെതിരെയുള്ള പരാതികളിൽ ശക്തമായ നടപടി ഉറപ്പുവരുത്തും. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനാണ് പുതിയ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. വ്യക്തികൾക്കോ, പൊതുജനങ്ങൾക്കോ, സംഘടനകൾക്കോ പരാതി സമർപ്പിക്കാം. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സ്ത്രീകൾക്കും സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് പുരുഷൻമാർക്കും കൃത്യമായ ബോധം ഉണ്ടാവണം. അതിനുതകുന്ന വിവാഹപൂർവ കൗൺസിലിങ് പദ്ധതിയാണ് ആരംഭിക്കുന്നത്.
കുട്ടികൾക്ക് ചെറുപ്രായം മുതൽ തന്നെ സമത്വം മനസിലാക്കികൊടുക്കാനാകും. അങ്കണവാടികളിൽ ഉപയോഗിച്ചു വരുന്ന പഠന സാമഗ്രികൾ ജെൻഡർ ഓഡിറ്റിനു വിധേയമാക്കി പരിഷ്‌ക്കരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌ക്കരിച്ച ‘അങ്കണപ്പൂമഴ’ എന്ന വർക്ക് ബുക്ക് തയ്യാറാക്കിയത്. അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യപോഷണ നിലവാരം ഉയർത്താനായി ‘പെൺട്രികകൂട്ട’ പദ്ധതി നടപ്പാക്കുകയാണ്. അതിക്രമങ്ങളെ ചെറുത്തു നിൽക്കാൻ മാനസികവും ശരീരികവുമായി പെൺകുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ധീര’ പദ്ധതി ആവിഷ്‌ക്കരിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇത്തവണത്തെ വനിതാദിന ചിന്താവിഷയം രൂപപ്പെടുത്തിയിട്ടുള്ളത്. ലോകത്താകെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റും ഏറ്റവും അധികം കഷ്ടത അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകൾക്കാണ്. അവരുടെ ജീവനും ജീവനോപാധികൾക്കും വലിയ വെല്ലുവിളി ഉയരുന്നു. അതുകൊണ്ടു തന്നെ അതിനെ അതിജീവിക്കാനായി നടത്തുന്ന പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കണം.
നമ്മുടെ സമൂഹത്തിൽ അടിഞ്ഞു കിടക്കുന്ന സ്ത്രീവിരുദ്ധമായ എല്ലാ ഘടകങ്ങളെയും ഇല്ലാതാക്കിക്കൊണ്ടു വേണം നമുക്കു മുന്നേറാൻ. വിദ്യാഭ്യാസരംഗത്താകട്ടെ തൊഴിൽ രംഗത്താകട്ടെ മാതാചാരങ്ങളിലാകട്ടെ ഭരണ നിർവഹണത്തിലാകട്ടെ അങ്ങനെ എല്ലാ രംഗങ്ങളിലും ഇടപെടലുകൾ ആവശ്യമാണ്.
മികച്ച ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച സ്ത്രീകൾ തൊഴിൽ മേഖലയിലേക്കു കടന്നുവരാതിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന പരിശോധന ഉണ്ടാകണം. സ്ത്രീ തൊഴിലാളികൾക്കു കുറഞ്ഞ കൂലിയും കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളും മാത്രം മതിയാകും എന്ന ചിന്ത അംഗീകരിക്കാവുന്നതല്ല. അത്തരം വിവേചനങ്ങൾ എവിടെയെങ്കിലും കണ്ടാൽ സർക്കാർ ഇടപെടും. സ്ത്രീ ശാക്തീകരണത്തിനായി പദ്ധതികൾ ആവിഷ്‌കരിക്കുന്നതോടൊപ്പം തന്നെ അതിനുതകുന്ന സാമൂഹികാവബോധം കൂടി വളർത്തിയെടുക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ അവാർഡ് ജേതാക്കളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
യുദ്ധവും കോവിഡും ഏറ്റവും ബാധിക്കുന്നത് സ്ത്രീകളെ: മന്ത്രി വീണാ ജോർജ്
യുദ്ധവും കോവിഡും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളേയും കുട്ടികളേയുമാണെന്ന് അന്താരാഷ്ട്ര വനിതാ ദിനാചരണ ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഒരു നൂറ്റാണ്ടിനപ്പുറം നീളുന്ന ചരിത്രമാണ് സ്ത്രീകളുടെ പുരോഗതിയ്ക്ക് പിന്നിലുള്ളത്. പല മേഖലകളിലും സ്ത്രീകൾ ഇന്നും വിവേചനം അനുഭവിക്കുന്നുണ്ട്. അതിന് മാറ്റം വരേണ്ടതാണ്.
അടുത്ത തലമുറയെങ്കിലും ആൺകുട്ടികളേയും പെൺകുട്ടികളേയും ഉത്തരവാദിത്തങ്ങൾ പങ്കിടാൻ പഠിപ്പിക്കണം. ബോധത്തിലും ബോധ്യത്തിലും കാഴ്ചപ്പാടിലും മനോഭാവത്തിലും മാറ്റം വരണം. അതിനായി ക്രിയാത്മകമായ ഇടപെടലുകൾ വേണം. സ്വപ്നം കാണാൻ ഓരോ പെൺകുട്ടിക്കും കഴിയട്ടെ. ജീവിത യാഥാർത്ഥ്യത്തിൽ കാലൂന്നി നിന്നുള്ള ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ത്രീകളേയാണ് നമുക്ക് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
ശാന്താ ജോസ്, ഡോ. വൈക്കം വിജയലക്ഷമി, ഡോ. സുനിത കൃഷ്ണൻ, ഡോ. യു.പി.വി. സുധ എന്നിവർക്ക് മുഖ്യമന്ത്രി വനിത രത്ന പുരസ്‌കാരം സമ്മാനിച്ചു.
അങ്കണവാടി മുഖേന നൽകുന്ന സേവനങ്ങൾ പൂർണമായി ജനങ്ങളിൽ എത്തിക്കുന്നതിനായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ച സംസ്ഥാനത്തെ അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, സൂപ്പർവൈസർമാർ, ശിശുവികസന പദ്ധതി ഓഫീസർ, പ്രോഗ്രാം ഓഫീസർ, ജില്ലാ കളക്ടർ (കോഴിക്കോട് മുൻ കളക്ടർ സാംബശിവറാവു) എന്നിവർക്കുളള അവാർഡും വിതരണം ചെയ്തു. 14 ജില്ലകളിലെ മികച്ച ഓരോ അങ്കണവാടികൾക്കുമുളള ഐസിഡിഎസ് അവാർഡുകളും വിതരണം ചെയ്തു. സ്ത്രീധനത്തിനെതിരായുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പോർട്ടൽ ഉദ്ഘാടനവും ‘വിവാഹ പൂർവ കൗൺസിലിംഗ്’ എന്ന പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ‘അങ്കണപ്പൂമഴ ജെൻഡർ ഓഡിറ്റഡ് അങ്കണവാടി പാഠപുസ്തകം’ പ്രകാശനം നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അട്ടപ്പാടിയിലെ ‘പെൻട്രിക കൂട്ട’ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി ‘ധീര’ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതവും ഡയറക്ടർ ടി.വി. അനുപമ നന്ദിയും പറഞ്ഞു. വി.കെ. പ്രശാന്ത് എംഎൽഎ, നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി, പ്ലാനിംഗ് ബോർഡംഗം മിനി സുകുമാർ എന്നിവർ പങ്കെടുത്തു.

Related posts

നൂറ് ദിന കർമ്മ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേത് 35 പദ്ധതികൾ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

കെ.എസ്.ഇ.ബി യുടെ 65 ാം വാർഷികം; നിരത്തിലിറങ്ങുന്നത് 65 ഇ-വാഹനങ്ങൾ

Aswathi Kottiyoor

ഓപ്പറേഷൻ ബ്ലൂപ്രിന്റ്‌ ; 57 പഞ്ചായത്തിൽ വിജിലൻസ്‌ 
പരിശോധന , ക്രമക്കേടുകൾ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox