കണ്ണൂർ: ലോക്ഡൗൺ സമാന നിയന്ത്രണങ്ങളോടു സഹകരിച്ച് ജനങ്ങൾ. ഇന്നലെ അത്യാവശ്യങ്ങൾക്ക് മാത്രമാണ് ജനം പുറത്തിറങ്ങിയത്. നഗര- ഗ്രാമ റോഡുകൾ വിജനമായിരുന്നു. കണ്ണൂർ നഗരത്തിൽ പോലീസ് വാഹന പരിശോധന ശക്തമാക്കിയിരുന്നു. പലയിടങ്ങളിലും ബാരിക്കേഡ് ഉയർത്തി പോലീസ് പരിശോധന നടത്തി. മൊബൈൽ ചെക്കിംഗ് പോയിന്റുകളിലും ജില്ലാ അതിർത്തികളിലും പോലീസ് കർശന പരിശോധന നടത്തിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്പോൾ ജനങ്ങൾ സാഹചര്യം മനസിലാക്കി, നിയന്ത്രണങ്ങളോടു സഹകരിക്കുന്ന സ്ഥിതിയായിരുന്നു. അവശ്യസർവീസുകൾ മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്. ട്രെയിനുകളും ദീർഘദൂര ബസുകളും സർവീസ് നടത്തി. അടിയന്തരയാത്ര നടത്തിയിരുന്നവരുടെ യാത്രാരേഖകൾ പോലീസ് കൃത്യമായി പരിശോധിച്ചതിന് ശേഷമാണ് യാത്ര അനുവദിച്ചിരുന്നത്. അനാവശ്യമായി പുറത്തിറങ്ങിയവർക്കും യാത്രാ രേഖകളില്ലാതിരുന്നവർക്കും പോലീസ് പിഴ ഈടാക്കി. ഹോട്ടലുകളിൽ ഇരുന്നുകഴിക്കാൻ അനുമതി നൽകിയിരുന്നില്ല,
പാർസലുകൾ മാത്രമാണ് നൽകിയിരുന്നത്. അവശ്യസാധനങ്ങളുടെ കടകളും മെഡിക്കൽ ഷോപ്പുകളും ബേക്കറികളും മാത്രമാണ് പ്രവർത്തിച്ചത്. ദീർഘദൂര ബസുകളും ഓട്ടോറിക്ഷകളും സർവീസ് നടത്തി.
ഇരിട്ടി: ഇരിട്ടിയുൾപ്പെടെ മലയോര മേഖലയിലെ അവശ്യ സർവീസിൽ ഉൾപ്പെട്ട സ്ഥാപനങ്ങളൊഴികെ മറ്റ് വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു. നിരത്തുകളിൽ അത്യാവശ്യ യാത്രയ്ക്ക് ഉള്ള വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളും സർവീസ് നടത്തിയില്ല. കെഎസ്ആർടിസിയും ചില സ്വകാര്യ ബസുകളും സർവീസ് നടത്തിയെങ്കിലും ആളുകൾ കുറവായതിനാൽ ഉച്ചയോടെ നിർത്തി. ഹോട്ടലുകളിൽ നിന്ന് പാർസൽ ഭക്ഷണങ്ങൾ മാത്രമാണ് വിതരണം നടത്തിയത്. ഇരിട്ടി ടൗണിൽ ഉൾപ്പെടെ മലയോര മേഖലയിലെ ഉൾനാടുകളിലുൾപ്പെടെ പോലീസ് വാഹന പരിശോധനയും പിക്കറ്റിംഗും ഏർപ്പെടുത്തിയിരുന്നു.
സംസ്ഥാന അതിര്ത്തിയായ കൂട്ടുപുഴയിലും പരിശോധന കടുപ്പിച്ചിരുന്നു. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയതിനും അനാവശ്യമായി വാഹനങ്ങളിൽ കറങ്ങിയതിനും ഇരിട്ടി മേഖലയിലെ വിവിധ പോലിസ് സ്റ്റേഷനുകളിൽ കേസ് എടുത്ത് പിഴ ചുമത്തി.
ഇരിട്ടിയിൽ എസ്എച്ച്ഒ കെ.ജെ. വിനോയി, പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തി. മുഖാവരണം ധരിക്കാത്തതിനും അനാവശ്യ യാത്ര ചെയ്തതിനും ഇരിട്ടിയിൽ അഞ്ചു പേർക്കെതിരെ കേസെടുത്ത് അഞ്ഞൂറ് രൂപ വീതം പിഴ ചുമത്തി.ആറളത്ത് എസ്ഐ സനലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം നടത്തിയ വാഹന പരിശോധനയിൽ ഏഴു പേർക്കെതിരെ കേസെടുത്ത് പിഴ ചുമത്തി,. ഇരിട്ടി സബ് ഡിവിഷൻ പരിധിയിൽ അറുപതോളം പേർക്കെതിരെയും കേസെടുത്ത് പിഴ ചുമത്തി.