കണ്ണൂർ: ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ സംസ്കാരം ഇന്നു നടക്കാനിരിക്കെ കണ്ണൂരിൽ അതീവ ജാഗ്രത. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള ധീരജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷമാകും സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകുക.
സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. മൃതദേഹം വൈകിട്ട് അഞ്ചോടെ കണ്ണൂരെത്തിക്കും. തളിപ്പറമ്പിലെ വീടിനോട് ചേർന്ന് പാർട്ടി വാങ്ങിയ സ്ഥലത്ത് രാത്രിയോടെ സംസ്കാരം നടക്കും.
അതേസമയം, കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ വാഹനത്തിന് പോലീസ് സുരക്ഷ ശക്തമാക്കി. സിപിഎം ശക്തികേന്ദ്രങ്ങളിലെ കോൺഗ്രസ് ഓഫീസുകൾക്ക് സുരക്ഷ ശക്തമാക്കി. കണ്ണൂർ ഡിസിസി ഓഫീസിന് സമീപം ഒരു ബസ് പോലീസ് സംഘമാണ് നിലയുറച്ചിരിക്കുന്നത്. ഇന്നു രാവിലെ 11.30ന് ഡിസിസി ഓഫീസിൽ കൺവെൻഷൻ കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും.