27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കീഴ്പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു
Iritty

കീഴ്പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു

ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ കീഴ്പ്പള്ളി സാമുഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് സെന്റർ തുടങ്ങാൻ പദ്ധതി. ആദ്യ ഘട്ടത്തിൽ 1 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലേക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതമായി 60 ലക്ഷം വകയിരുത്തി. തുടക്കത്തിൽ 4 ഡയാലിസിസ് യന്ത്രങ്ങളാണു സ്ഥാപിക്കുക. ഇതുവഴി പ്രതിദിനം 8 പേർക്ക് ഡയാലിസിസ് നടത്താനാകും. ആഴ്ചയിൽ 20 രോഗികൾക്കു സേവനം ലഭിക്കും.
നിലവിലുള്ള കെട്ടിട സൗകര്യം ഉപയോഗപ്പെടുത്തിയാണ് 4 യന്ത്രങ്ങൾ സ്ഥാപിക്കുക. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ 27 ലക്ഷം രൂപ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനും കുഴൽ കിണറും ജലസംഭരണിയും സ്ഥാപിക്കാൻ 15 ലക്ഷവും, 80 എച്ച്പിയുടെ മോട്ടോർ വാങ്ങാൻ 15 ലക്ഷവും, കെട്ടിട അറ്റകുറ്റ പണിക്കു 3 ലക്ഷം രൂപയും വിനിയോഗിക്കും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 90 ഡയാലിസിസ് രോഗികൾ ഉള്ളതായാണ് കണക്ക് . പഞ്ചായത്തിൽ മാത്രം 17 രോഗികളുണ്ട്. 3 വർഷമായി ബ്ലോക്ക് പഞ്ചായത്ത് വൃക്കരോഗികൾക്കായി ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്നുണ്ട്. 15 ലക്ഷം രൂപ വീതം ഇതിനായി ചെലവഴിക്കുന്നുണ്ട്. കിറ്റ് ലഭിച്ചാൽ പോലും വണ്ടിക്കൂലിയും മറ്റു ചെലവുകളും ചേർക്കുമ്പോൾ ശരാശരി ഒരു രോഗിക്കു 1000 രൂപ വരെ ഒരു ഡയാലിസിസിനു ചെലവാകുന്നുണ്ട്.
നിർധനരായ രോഗികൾക്കു ഈ ചെലവ് താങ്ങാനാകാത്ത സാഹചര്യത്തിലാണു ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള കീഴ്പ്പള്ളി സിഎച്ച്‌സിയിൽ ഡയാലിസിസ് സെന്റർ തുടങ്ങുന്നതെന്നു പ്രസിഡന്റ് കെ.വേലായുധൻ പറഞ്ഞു. ഘട്ടം ഘട്ടമായി 10 ഡയാലിസിസ് യന്ത്രങ്ങളോടെ ഡയാലിസിസ് സെന്റർ വിപുലപ്പെടുത്തും. പുതിയ കെട്ടിടവും പണിയും. നടത്തിപ്പു ചെലവുകൾ ബ്ലോക്ക് പഞ്ചായത്തും എൻഎച്ച്എമ്മും ചേർന്നു കണ്ടെത്തും.
ജനകീയ പങ്കാളിത്തത്തോടെ 40 ലക്ഷം രൂപയും സമാഹരിക്കും. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ചെയർമാനും, സ്ഥിരം സമിതി അധ്യക്ഷൻ കെ. രതീഷ് വൈസ് ചെയർമാനും, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് കൺവീനറും, മെഡിക്കൽ ഓഫിസർ ഡോ. പ്രിയ സദാനന്ദൻ ജോയിന്റ് കൺവീനറും ആയി വിപുലമായ ജനകീയ കമ്മിറ്റി രൂപീകരിച്ചു.

Related posts

അന്താരാഷ്ട്ര യോഗാദിനം യോഗാ പ്രദർശനവും സൗജന്യ യോഗാ പരിശീലനവും

Aswathi Kottiyoor

കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നു

Aswathi Kottiyoor

മലയോര മേഖലയിൽ കൂട്ട ആന്റിജൻ – ആർ.ടി.പി.സി.ആർ. പരിശോധനകൾ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox