കണ്ണൂർ: വ്യാജ ഫോൺകോളുകൾ കൊണ്ട് പൊറുതിമുട്ടി അഗ്നിരക്ഷാ സേന. 101 ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് പത്തു പ്രാവശ്യമെങ്കിലും ഹലോ എന്നു പറഞ്ഞ് കളിപ്പിക്കുന്നതാണ് ആപത് ഘട്ടങ്ങളിൽ വിളിച്ചാൽ ഓടിയെത്തുന്ന അഗ്നിരക്ഷാസേനയ്ക്കു തലവേദനയാകുന്നത്. നിലവിൽ ഒരുമാസത്തിൽ ഇത്തരത്തിൽ 20 കോളെങ്കിലും കണ്ണൂർ അഗ്നിരക്ഷാസേന ഓഫീസിലേക്കെത്തുന്നുണ്ട്. മുൻകാലങ്ങളിൽ ഒരു രൂപ നാണയമിട്ട് വിളിക്കാൻ കഴിയുന്ന ഫോൺബൂത്തുകൾ സജീവമായിരുന്നതിനാൽ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളുമായുള്ള കോളുകൾ പതിവായിരുന്നു. ഒന്നോ രണ്ടോ രൂപയിട്ട് വിളിച്ച് തോന്നിയത് പറഞ്ഞുപോകും. ആരാണെന്നോ എവിടെനിന്നാണെന്നോ ഉദ്യോഗസ്ഥർക്ക് മനസിലാക്കാൻ കഴിയില്ലാത്തതുകൊണ്ട് ഇത്തരക്കാർക്ക് ഭയപ്പേടേണ്ട ആവശ്യവുമില്ലായിരുന്നു.
എന്നാൽ, ഇപ്പോൾ 101 ൽ വിളിച്ചിട്ട് മിണ്ടാതെ നിൽക്കുന്നവരും ഫോൺ ഏറെനേരം ഹോൾഡ് ചെയ്ത് പിടിക്കുന്നവരും ഉണ്ടത്രേ. സംശയം തോന്നുന്ന ചില കോളുകൾ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളോ തദ്ദേശസ്ഥാപനങ്ങളിലോ വിളിച്ച് ഉറപ്പുവരുത്തുകയാണ് പതിവ്. തീപിടിച്ചെന്നു പറഞ്ഞ് വിളിക്കുന്ന ചില കോളുകൾ ചെറിയതോതിലെങ്കിലും ഇത്തരത്തിൽ ഉദ്യോഗസ്ഥരെ കുഴപ്പിക്കാറുണ്ട്. ടോൾ ഫ്രീ നമ്പറുകളിലേക്ക് ആവശ്യമില്ലാതെ വിളിച്ച് വകുപ്പിനെ കളിപ്പിക്കുന്നത് ചിലർക്കെങ്കിലും ഇന്നും ഒരു ഹരമാണെന്നുതന്നെയാണ് ഉദ്യോഗസ്ഥർ പറയുന്നത്. നമ്പർ ട്രേസ് ചെയ്യാൻ കഴിയാത്തതിനാൽ അധികൃതർക്ക് നടപടിയെടുക്കാൻ കഴിയില്ല. ഫോൺകോൾ വരുന്നത് ട്രേസ് ചെയ്യാനുള്ള സൗകര്യം എല്ലാ അഗ്നിരക്ഷാസേനയിലും വേണമെന്നാണ് അധികൃതർ പറയുന്നത്.
അനാവശ്യകോൾ
ഒഴിവാക്കണം
അനാവശ്യ കോളുകളിൽ നഷ്ടം സംഭവിക്കുന്നത് പൊതുജനങ്ങൾക്കു തന്നെയാണെന്നാണ് അഗ്നിരക്ഷാസേന അധികൃതർ പറയുന്നത്. അനാവശ്യ കോളുകൾ വരുമ്പോൾ മറുവശത്ത് ഇതേ സമയത്തുതന്നെ അടിയന്തര ആവശ്യത്തിനായി വിളിക്കുന്നവരുണ്ടാകും. പക്ഷെ, ഇത്തരം കോളുകൾക്കിടയിൽ ആവശ്യക്കാരുടെ കോളുകൾ കണക്ട് ചെയ്യാൻ കഴിയാതെ വരും. ഇങ്ങനെയുള്ള സംഭവങ്ങളുണ്ടായിട്ടുള്ളതായും അധികൃതർ പറഞ്ഞു. വിളിക്കുന്ന 30 കോളിൽ പത്തു കോളുകൾ ഇത്തരം അനാവശ്യകോളുകളാണെന്ന് അധികൃതർ പറഞ്ഞു.
കുട്ടിക്കളിയല്ല
അനാവശ്യ കോളുകൾ ചെയ്യുന്നവരിൽ കുട്ടികളുമുണ്ട്. ചെറിയ കുട്ടികൾക്കുപോലും പല രക്ഷിതാക്കളും ഫോൺ നൽകുന്നുണ്ട്. എന്നാൽ കുട്ടികൾ ഫോൺ കൈയിൽ കിട്ടിയാൽ എന്താണു ചെയ്യുന്നതെന്ന് പലരും ശ്രദ്ധിക്കുന്നില്ല.101 ടോൾ ഫ്രീ നമ്പറാണെന്ന് അറിയാവുന്ന ചില കുട്ടികൾ ഈ നമ്പറിലേക്ക് വിളിക്കുകയുംഏറെനേരം കോൾ കട്ട് ചെയ്യാതെ പിടിച്ചുനിൽക്കുകയും ചെയ്യും. ഇങ്ങനെയുള്ള കുട്ടിക്കോളുകൾ ധാരാളമായി വരാറുണ്ടെന്ന് അധികൃതർ പറഞ്ഞു.