കണ്ണൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ാം ജൻമദിനം ജില്ലയിൽ വിപുലമായ രീതിയിൽ ആഘോഷിക്കുുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു. ഇന്ന് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ സിയുസി യൂണിറ്റുകളുടെ സംഗമവും പ്രവർത്തക റാലിയും നടക്കും. വൈകുന്നേരം നാലിന് കേളകം മഞ്ഞളാംപുറത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തുന്ന റാലി കേളകം ബസ് സ്റ്റാൻഡിൽ സമാപിക്കും.
പൊതുസമ്മേളനം വൈകുന്നേരം അഞ്ചിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ജില്ലയിലെ പ്രമുഖ നേതാക്കന്മാർ സംബന്ധിക്കും. നാളെ രാവിലെ 9.30 ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ പതാക ഉയർത്തും. തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ കാലിക പ്രസക്തി എന്ന വിഷയത്തിൽ ഡിസിസി ഓഡിറ്റോറിയത്തിൽ ചരിത്ര സെമിനാർ നടക്കും. അന്നേ ദിവസം ജില്ലയിലെ 137 മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ പദയാത്രകളും പൊതുസമ്മേളനവുംനടത്തും.