കൊട്ടിയൂർ: പാലുകാച്ചി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്തെക്കുള്ള റോഡുകളും ബേസ് കേമ്പുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. പാലുകാച്ചിയിലെ ബേസ് കേമ്പ് സെന്റ് തോമസ് മൗണ്ടിൽ സജ്ജീകരിക്കുന്നതിനും കേമ്പിലേക്കായി മൂന്നു വഴികൾ ഒരുക്കുന്നതിനുമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഗ്രാമീണ ടൂറിസവും പ്ലാന്റേഷനും കോർത്തിണക്കി കേളകം – അടയ്ക്കാത്തോട് – ശാന്തിഗിരി വഴി പാൽച്ചുരം എത്തുന്ന രീതിയിൽ ഒരു വഴിയും, സാഹസിക പാതയായി ചുങ്കക്കുന്ന് നിന്ന് പാലുകാച്ചി എത്തുന്ന രീതിയിലും, ഐതിഹ്യ പാതയായി നീണ്ടുനോക്കിയിൽ നിന്ന് പാലുകാച്ചി എത്തുന്ന രീതിയിലുമാണ് പാതകൾ ക്രമീകരിക്കുക.
ഈ മൂന്ന് വഴികൾ ആരംഭിക്കുന്നിടത്തും വഴികൾ ചെന്നുചേരുന്ന സെന്റ് തോമസ് മൗണ്ടിലുമായി ബേസ് ക്യാമ്പുകൾ ക്രമീകരിക്കും.
ഓരോ പ്രദേശങ്ങളിലെ ഭൂപ്രകൃതിയും പ്രത്യേകതയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മ്യൂസിയവും ടൂറിസം അനുബന്ധ സൗകര്യങ്ങളും അതാത് പഞ്ചായത്തുകൾ ഒരുക്കണം.
പാലുകാച്ചി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് പഞ്ചായത്തുകളും പ്രത്യേകം പ്രോജക്ടുകൾ തയാറാക്കി ടൂറിസം വകുപ്പിന് കൈമാറുന്നതിനും തീരുമാനമായി.
ഇതിൽ പാലുകാച്ചി മലയും കൊട്ടിയൂർ അമ്പലവുമായി ബന്ധപ്പെട്ട് ഒരു മിത്തിക്കൽ പ്രോജക്ടിന് കൊട്ടിയൂർ പഞ്ചായത്ത് രൂപം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം പറഞ്ഞു.
കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു.
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, ടൂറിസം വകുപ്പ് പ്രോജക്റ്റ് എക്സിക്യൂട്ടീവ് മനോജ് കുമാർ, കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ്, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ എന്നിവർ പ്രസംഗിച്ചു.
ഇരു പഞ്ചായത്തുകളിലെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.