23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • മുന്നൂറോളം തടവുകാർക്ക് 3 മാസത്തിനകം മോചനം; 184 ജീവപര്യന്തം തടവുകാരും പരിഗണനയിൽ.
Kerala

മുന്നൂറോളം തടവുകാർക്ക് 3 മാസത്തിനകം മോചനം; 184 ജീവപര്യന്തം തടവുകാരും പരിഗണനയിൽ.

വിവിധ കാരണങ്ങളാൽ ജയിൽ ഉപദേശക സമിതികൾ അപേക്ഷ പരിഗണിക്കാതിരുന്ന 184 ജീവപര്യന്തം തടവുകാരിൽ, പറ്റാവുന്നവരെയെല്ലാം മോചിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇവരുടെ പട്ടിക ആഭ്യന്തര, നിയമ, ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഉപസമിതിയുടെ പരിശോധനയ്ക്കു വിട്ടു.

75–ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു മുഴുവൻ തടവുകാർക്കും ശിക്ഷാ കാലാവധി പരിഗണിച്ച് 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവു നൽകാൻ സർക്കാർ കഴി‍ഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നൂറോളം സാധാരണ തടവുകാരും ഈ ജീവപര്യന്തക്കാർക്കൊപ്പം 3 മാസത്തിനകം ജയിലിനു പുറത്തിറങ്ങും.

ദീർഘകാലം തടവിൽ കഴിഞ്ഞവരെ മോചിപ്പിക്കാൻ ഓരോ ജയിലിലെയും ഉപദേശക സമിതികളാണു ശുപാർശ നൽകാറുള്ളത്. പുറത്തിറങ്ങുമ്പോൾ കുടുംബത്തിലും സമൂഹത്തിലും ലഭിക്കാവുന്ന സ്വീകാര്യത സംബന്ധിച്ച് പൊലീസിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും റിപ്പോർട്ടുകൾ എതിരായതിനാൽ 184 ജീവപര്യന്തക്കാരുടെ മോചനത്തിനു ശുപാർശ നൽകിയില്ല. ഇതോടെയാണു സർക്കാർ നേരിട്ടു മോചിപ്പിക്കാൻ ഒരുങ്ങുന്നത്.

ഇതിൽ 30 വർഷമായി ജയിലിൽ കഴിയുന്നവരുണ്ട്. ഓരോരുത്തരുടെയും കേസ് വിശദമായി പരിശോധിക്കാനും, കഴിയുന്നവരെയെല്ലാം മോചിപ്പിക്കാനുമാണ് നിർദേശം. 50 പേരുടെ പരിശോധന പൂർത്തിയായി. കോവിഡ് പരോളിലിറങ്ങിയ 506 ജീവപര്യന്തക്കാർ തിരിച്ചു കയറിയില്ല

കോവിഡ് വ്യാപനത്തിന്റെ പേരിൽ ആറുമാസം മുൻപു പുറത്തുവിട്ട 506 ജീവപര്യന്തക്കാർ തിരിച്ചു കയറിയിട്ടില്ല. കോവിഡ് സാഹചര്യത്തിൽ, സുപ്രീം കോടതി നിർദേശപ്രകാരം നിയമിക്കപ്പെട്ട ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഉന്നതാധികാര സമിതി ആയിരത്തോളം റിമാൻഡ് തടവുകാർക്കു ജാമ്യവും 10 വർഷം വരെ തടവിനു ശിക്ഷിക്കപ്പെട്ട 70 പേർക്കു പ്രത്യേക പരോളും നൽകിയിരുന്നു. ഇതിനു പുറമേയാണു സർക്കാർ നേരിട്ട് 506 ജീവപര്യന്തക്കാർക്ക് പരോൾ നൽകിയത്.

ഉന്നതാധികാര സമിതി പുറത്തു വിട്ടവരെ നിർബന്ധിച്ചു തിരികെ പ്രവേശിപ്പിക്കേണ്ടെന്നു സുപ്രീംകോടതി നി‍ർദേശിച്ചിരുന്നു. ഈ ആനുകൂല്യം തങ്ങൾക്കും വേണമെന്നാവശ്യപ്പെട്ടു ജീവപര്യന്തം തടവുകാർ കോടതിയെ സമീപിച്ചതോടെ, അവരോടും തൽക്കാലം തിരിച്ചു കയറേണ്ടെന്നു കോടതി നിർദേശിച്ചു. ഇതിനെതിരെ സർക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിൽ 1221 ജീവപര്യന്തം തടവുകാരാണുള്ളത്.

Related posts

റേഷന്‍ വിതരണത്തില്‍ ജനങ്ങളുടെ പരാതികള്‍ ഉള്‍ക്കൊണ്ട് മാറ്റങ്ങള്‍ നടപ്പാക്കും – മന്ത്രി ജി.ആര്‍.അനില്‍

Aswathi Kottiyoor

30 ദിവസത്തിൽ കൂടുതലുള്ള ഒഴിവുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാം

Aswathi Kottiyoor

അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം കൂ​ടു​ന്നു; ല​ണ്ട​നി​ൽ പു​തി​യ ഇ​ന്ത്യ​ൻ വി​സ സെ​ന്‍റ​ർ തു​റ​ന്നു

Aswathi Kottiyoor
WordPress Image Lightbox