24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഒരു മാസം; വാക്‌സിൻ സുരക്ഷയിൽ 3,000 കുഞ്ഞുങ്ങൾ
kannur

ഒരു മാസം; വാക്‌സിൻ സുരക്ഷയിൽ 3,000 കുഞ്ഞുങ്ങൾ

ജില്ലയിൽ ന്യൂമോണിയ പ്രതിരോധ വാക്‌സിൻ വിതരണം ഒരു മാസം പൂർത്തിയാകുമ്പോൾ വാക്‌സിൻ സുരക്ഷയിൽ മൂവായിരം കുഞ്ഞുങ്ങൾ. ന്യൂമോകോക്കൽ കോൻജുഗേറ്റ്‌ വാക്‌സിൻ (പിസിവി)യാണ്‌ വിതരണം ചെയ്യുന്നത്‌. ആദ്യഘട്ടത്തിൽ ലഭിച്ച മൂവായിരം ഡോസ്‌ വാക്‌സിനും വിതരണം ചെയ്‌തു. രണ്ടാംഘട്ടത്തിലെ 6500 ഡോസ്‌ വാക്‌സിൻ വ്യാഴാഴ്‌ചയെത്തി.
കഴിഞ്ഞ ഒക്ടോബർ എട്ടിനാണ്‌ ജില്ലാ ആശുപത്രിയിലും സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ന്യൂമോകോക്കൽ കോൻജുഗേറ്റ്‌ വാക്‌സിൻ വിതരണം തുടങ്ങിയത്‌. സ്ട്രെപ്റ്റോ കോക്കസ്‌ ന്യൂമോണിയ അഥവാ ന്യൂമോകോക്കസ്‌ ബാക്ടീരിയ കാരണമുണ്ടാകുന്ന രോഗങ്ങളെയാണ്‌ ന്യൂമോ കോക്കൽ രോഗം എന്ന്‌ വിളിക്കുന്നത്‌. ന്യുമോണിയയ്‌ക്കുപുറമെ മെനഞ്ചൈറ്റിസ്‌ , രക്തം, ചെവി, സൈനസ്‌ എന്നിവയിലെ അണുബാധയും ഈ വാക്‌സിൻ പ്രതിരോധിക്കും.
നിലവിലെ കുട്ടികൾക്കുള്ള പെന്റാവലന്റ്‌ വാക്‌സിനിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയക്കെതിരായ ഹിബ്‌ വാക്‌സിൻ (ഹീമോഫിലസ്‌ ഇൻഫ്ലുവൻസ ടൈപ്പ്‌–-ബി) ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഇതിനൊപ്പമാണ്‌ പിസി വാക്‌സിനും നൽകുന്നത്‌. ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഓരോ ഡോസും ഒമ്പതാംമാസം ബൂസ്‌റ്റർ ഡോസുമാണ്‌ നൽകുന്നത്‌.
ഇന്ത്യയിൽ ആയിരത്തിൽ ഏഴുകുഞ്ഞുങ്ങൾ ന്യൂമോണിയ ബാധിച്ച്‌ മരിക്കുന്നുവെന്നാണ്‌ പഠനം. ഇതിൽ 30 ശതമാനവും ന്യൂമോകോക്കൽ ബാക്ടീരിയയാണ്‌ കാരണം. സ്വകാര്യ ആശുപത്രികളിൽ രണ്ടായിരത്തിലധികം രൂപ വിലവരുന്ന വാക്സിനാണ്‌ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്നത്‌.
ന്യൂമോകോക്കൽ ബാക്‌ടീരിയ കാരണമുണ്ടാകുന്ന ന്യൂമോണിയ ചിലപ്പോൾ മരണത്തിനുവരെ കാരണമാകാറുണ്ടെന്ന്‌ ജില്ലാ ആശുപത്രിയിലെ ശിശുരോഗവിദഗ്‌ധ ഡോ. മൃദുല ശങ്കർ പറഞ്ഞു. രണ്ട്‌ വയസിൽ താഴെയുള്ള കുട്ടികളിലാണ്‌ ന്യൂമോണിയ മിക്കപ്പോഴും ഗുരുതരാവസ്ഥയിലേക്ക്‌ കടക്കുന്നത്‌. വാക്‌സിൻ എടുത്താൽ രോഗത്തെ പ്രതിരോധിക്കുകയും രോഗബാധ ഗുരുതരമാകാതെ ആരോഗ്യസ്ഥിതി നിലനിർത്തുകയും ചെയ്യുമെന്നും അവർ പറഞ്ഞു

Related posts

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി

Aswathi Kottiyoor

സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Aswathi Kottiyoor

യുഡിഎഫിന് ഇപ്പോൾ രണ്ട് ശത്രുക്കൾ: കെ. ​സു​ധാ​ക​ര​ൻ എം​പി

Aswathi Kottiyoor
WordPress Image Lightbox