ഒടുവിൽ പയ്യാവൂർ പോലീസ് സ്റ്റേഷന് ശാപമോക്ഷം. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ കണ്ടകശേരിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറും. കഴിഞ്ഞ ഫെബ്രുവരി 18 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പോലീസ് സ്റ്റേഷൻ പഴയ കെട്ടിടത്തിൽ തന്നെ തുടരുന്നതിനെതിരേ പോലീസുകാർക്കിടയിൽ നിന്നും സംഘടനയിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞ വേനലിൽ ഉദ്ഘാടനം നടത്തിയിട്ടും ഈ മഴക്കാലത്തും ചോർന്നൊലിക്കുന്ന പഴയ കെട്ടിടത്തിൽ തന്നെ ജോലി നോക്കേണ്ട ഗതികേടിലായിരുന്നു പോലീസുകാർ.
കെട്ടിടം നിർമാണം നടത്തിയ കരാർ കമ്പനിക്ക് സർക്കാർ പണം നൽകാൻ വൈകിയതാണ് സ്റ്റേഷൻ മാറ്റത്തിന് പ്രധാന തടസമായിരുന്നത്. ഇത് കാരണം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് ഗസറ്റിൽ വിജ്ഞാപനമിറക്കാനും കഴിഞ്ഞില്ല.
നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് ഇന്ന് പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. കണ്ടകശേരി പളളി പുഴയോരത്ത് സൗജന്യമായി നൽകിയ 35 സെന്റ് സ്ഥലത്താണ് പോലീസ് സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്.
ഒരു കോടി രൂപ ചെലവിൽ ഹെബിറ്റാറ്റാണ് നിർമാണം നടത്തിയത്. രണ്ട് നിലകളായി നിർമിച്ച കെട്ടിടത്തിൽ വിശ്രമമുറി, കമ്പ്യൂട്ടർ റൂം, റെക്കോർഡ് റൂം, സ്ത്രീ, പുരുഷ, ട്രാൻസ്ജെൻഡർ പ്രതികളെ സൂക്ഷിക്കാനുള്ള മൂന്ന് സെൽ ഉൾപ്പെടെ സൗകര്യങ്ങളുമുണ്ട്.
സ്റ്റേഷൻ ഹൗസ് ഓഫീസറും എസ്ഐയും നാല് വനിതാ പോലീസുകാരും ഉൾപ്പെടെ 36 പേരാണ് സ്റ്റേഷനിലുള്ളത്.