കണ്ണൂർ: എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ ഇരുപത്തി എട്ടാമത് എഡിഷനിലെ സംസ്ഥാന തല മത്സര പരിപാടികൾക്ക് ഒക്ടോബർ 1 ന് വെള്ളിയാഴ്ച തുടക്കമാകും. രണ്ടര ലക്ഷം കുടുംബങ്ങളിൽ നടന്ന ഫാമിലി സാഹിത്യോത്സവുകൾ, 21000 ബ്ലോക്ക്, 6700 യൂണിറ്റ്, 600 സെക്ടർ,121 ഡിവിഷൻ, തമിഴ് നാട് ഉൾപ്പടെ 17 ജില്ലകൾ എന്നീ ഘടകങ്ങളിലെ സാഹിത്യോത്സവുകളുടെ സമാപനമാണ് വെള്ളിയാഴ്ച ആരംഭിക്കുന്നത്.
സെപ്തംബർ 25 ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്താണ് സാഹിത്യോത്സവ് ആരംഭിച്ചത്. തുടർന്ന് അഞ്ചു ദിവസങ്ങളിലായി സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത വിവിധ പരിപാടികൾ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ മത്സരങ്ങൾ ഫിസിക്കലായും ഡിജിറ്റലറ്റുമായാണ് നടക്കുന്നത്. കോവിഡ് കാലത്ത് ഒരുമിച്ച് കൂടുന്നതിലുള്ള പ്രയാസങ്ങളുണ്ടായിട്ടും നിർത്തി വെക്കാതെ നൂതനസാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് രണ്ടു വർഷമായി സാഹിത്യോത്സവ് നടത്തിവരികയാണ്. ബ്ലോക്ക് മുതൽ സംസ്ഥാന തലം വരെ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സാഹിത്യോത്സവിൽ പങ്കാളികളാകുന്നത്.
തമിഴ്നാട് ഉള്‍പ്പെടെയുള്ള 18 കേന്ദ്രങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ സ്‌റ്റുഡിയോകളിലാണ് ആദ്യദിനം മത്സരങ്ങൾ നടക്കുക. രണ്ടാം ദിവസം കണ്ണൂർ അൽ മഖറിലെ മൂന്ന് വേദികളിലായി മത്സരങ്ങൾ നടക്കും. 1649 മത്സരാർത്ഥികൾ 8 വിഭാഗങ്ങളിലായി 97 ഇനങ്ങളിൽ രണ്ടു ദിവസങ്ങളിലായി മാറ്റുരക്കും. സൂഫീ ഗീതം, ഖവാലി, സംഘഗാനം, നശീദ, മാലപ്പാട്ട് തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്ക് പുറമെ വ്ളോഗ്, പ്രൊജക്ട്, സർവ്വേ ടൂൾ, കാലിഗ്രഫി, ക്വിസ് തുടങ്ങിയ വിദ്യാർത്ഥികളുടെ ഭാവനയും, ബൗദ്ധികശേഷിയും അളക്കുന്ന മത്സരങ്ങളും ഇ പോസ്റ്റർ നിർമ്മാണം, ഇല്ലസ്ട്രേഷൻ തുടങ്ങിയ ഡിജിറ്റൽ മത്സരങ്ങളും ഉണ്ടാകും. ദേശീയ, അന്തർദേശീയ യൂണിവേഴ്സിറ്റികളിൽ നിന്ന് പി.എച്ച്.ഡി നേടിയവരും, റാങ്ക് ജേതാക്കളുമായ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും സാഹിത്യോത്സവ് വേദിയിൽ നടക്കും.
ഒക്ടോബർ രണ്ടിന് വൈകീട്ട് 7 ന് കേരള സാഹിത്യോത്സവ് സമാപിക്കും. സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ. നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പേരോട് അബ്ദുർ റഹ് മാൻ സഖാഫി, കെ. പി. അബൂബക്കർ മുസ്‌ലിയാർ പട്ടുവം, മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രൊഫ: യു. സി. അബ്ദുൽ മജീദ്, ആർ .പി. ഹുസൈൻ ഇരിക്കൂർ, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എന്‍. ജാബിർ, പി.വി. ശുഐബ് എന്നിവർ സംസാരിക്കും.
എസ്.എസ്.എഫിന്റെ ഔദ്യോഗിക യൂട്യൂബ്, ഫേസ് ബുക്ക്,ട്വിറ്റർ,ഇൻസ്റ്റഗ്രാം തുടങ്ങിയ സംവിധാനങ്ങളിലൂടെ രണ്ടു ദിവസത്തെ പരിപാടികൾ തത്സസമയം സംപ്രേഷണം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് കെ. വൈ. നിസാമുദ്ദീന്‍ ഫാളിലി,സംസ്ഥാന ജന:സെക്രട്ടറി സി.എന്‍. ജഅഫര്‍, സംസ്ഥാന സെക്രട്ടറി ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, സംസ്ഥാന സെക്രട്ടറി എ.എ മുഹമ്മദ് റാഫി, കണ്ണൂര്‍ ജില്ലാ ജന:സെക്രട്ടറി ഷംസീർ കടാങ്കോട് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.