വീടുകളിലേക്ക് പൈപ്പ് വഴി നേരിട്ട് പാചക വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു. ഡിസംബറോടെ പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ആദ്യഘട്ടത്തിൽ കൂടാളി പഞ്ചായത്തിലെ വിവിധ വാർഡുകളിലും മാർച്ച് മാസത്തോടെ കണ്ണൂർ കോർപറേഷൻ പരിധിയിലെ വീടുകളിലും ആവശ്യക്കാർക്ക് കണക്ഷൻ നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നേരത്തെ പൂർത്തിയായ കൊച്ചി -മംഗളൂരൂ ഗെയിൽ പൈപ്പ് ലൈനിൽ നിന്ന് വീടുകളിലേക്ക് ഗ്യാസ് എത്തിക്കുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതിയാണ് സിറ്റി ഗ്യാസ് പദ്ധതി. ജില്ലയിലെ ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ കൂടാളിയിൽ പൂർത്തിയായി. സിറ്റി ഗ്യാസ് സ്റ്റേഷന്റെ പണിയും കൂടാളിയിൽ പുരോഗമിക്കുകയാണ്.
കൂടാളിയിൽ നിന്ന് കാഞ്ഞിരോട്, കുടുക്കിമൊട്ട, ഏച്ചൂർ, വട്ടപ്പൊയിൽ വഴി കണ്ണൂരിലേക്കുള്ള പൈപ്പിടൽ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. പ്രധാന ടൗണുകളിൽ ഭൂമിക്കടിയിൽ കൂടി തുരന്നാണ് എട്ട് ഇഞ്ച് കനമുള്ള പൈപ്പ് ഇടുന്നത്. കണ്ണൂരിൽ നിന്ന് പിന്നീട് തലശേരി, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് പൈപ്പ്ലൈൻ നീട്ടും. എൽപിജിയേക്കാൾ ലാഭകരവും അപകടരഹിതവും ആണ് പ്രകൃതിവാതകം. ആവശ്യക്കാർക്ക് ഒരേ സ്റ്റൗവിൽ തന്നെ എൽപിജിയും പ്രകൃതിവാതകവും ഉപയോഗിക്കാനും കഴിയും.