കണ്ണൂർ: ജില്ലയില്‍ ലൈഫ് മിഷന് പദ്ധതിയിലൂടെ 10,300 വീടുകൾ പൂര്‍ത്തിയായി. ലൈഫ് ഒന്നാം ഘട്ടത്തില്‍ 2610 വീടുകളും രണ്ടാം ഘട്ടത്തില്‍ 2449, പട്ടികജാതി പട്ടികവര്‍ഗ മത്സ്യത്തൊഴിലാളി അഡീഷനല്‍ പട്ടികയില്‍ 82, പി.എം.എ.വൈ ഗ്രാമീണില്‍ 711, നഗരവിഭാഗത്തില്‍ 4113 വീടുകളുമാണ് പൂര്‍ത്തീകരിച്ചത്. ഒന്നാം ഘട്ടമായ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണത്തില്‍ 97 ശതമാനവും ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ഭവനനിർമാണം എന്ന രണ്ടാംഘട്ടത്തില്‍ 96 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനനിർമാണം ഉറപ്പാക്കുന്ന മൂന്നാംഘട്ടത്തില്‍ ഭൂമി ലഭിച്ച ഗുണഭോക്താക്കള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ട് ഭവനനിർമാണം ആരംഭിച്ചിട്ടുണ്ട്.സംസ്ഥാന സര്‍ക്കാറിൻെറ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈഫ് പദ്ധതിയില്‍ നിർമാണം പൂര്‍ത്തിയാക്കിയ 10,000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. ഉച്ച 12നാണ് പരിപാടി. ഇതിൻെറ ഭാഗമായി 306 വീടുകളുടെ നിർമാണമാണ് പൂര്‍ത്തീകരിച്ചത്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തിലും പരിപാടി സംഘടിപ്പിക്കും.