കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇന്നു മുതല്‍ ഒക്ടോബര്‍ ഏഴു വരെ ജില്ലയില്‍ സേവാ സമര്പ്പണ് അഭിയാന് നടത്തുന്നു. ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട നദികള്‍, കുളങ്ങള്‍ തുടങ്ങിയവ ശുചീകരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. എല്ലാ ബൂത്തുകളില്‍ നിന്നും പ്രധാനപ്പെട്ട വ്യക്തികള്‍ കാര്‍ഡുകള്‍ അയയ്ക്കും. ശാരീരികമായി അവശതയനുഭവിക്കുന്നവര്‍ക്ക് വീല്‍ചെയര്‍, ശ്രവണ സഹായി തുടങ്ങിയവ വിതരണം ചെയ്യും.
പ്രചാരണത്തിന്റെ ഭാഗമായി എക്സിബിഷന്, ഓണ്‍ലൈന്‍ യോഗങ്ങള്‍, മീറ്റിംഗുകൾ, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ലേഖനങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പംക്തികള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണമായി ഹ്രസ്വ വീഡിയോകള്‍, പോസ്റ്ററുകള്‍, ഇന്‍ഫോഗ്രാഫിക്സ് തുടങ്ങിയവയുമുണ്ടാകും. മോദിക്ക് ആയുരാരോഗ്യം നേര്‍ന്ന് എല്ലാ വിഭാഗത്തിന്റെയും ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയും വഴിപാടും സംഘടിപ്പിക്കും. നദീശുചീകരണത്തിന്റെ ഭാഗമായി ബാവലിപ്പുഴ, രയരോം പുഴ, കണ്ണവം പുഴ എന്നിവയാണ് ശുചീകരിക്കുക. പ്രധാനപ്പെട്ട അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും അന്നദാനം നടത്തും. ഇന്ന് രാവിലെ 11.30 ന് ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ ദേശീയ സമിതിയംഗം സി.കെ. പദ്മനാഭന് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വിനോദ്കുമാര്‍, ബിജു ഏളക്കുഴി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
previous post