കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന് ഉജ്വല തുടക്കം. ജില്ലാ പഞ്ചായത്തിന്റെ മുന്‍ കാല പ്രസിഡന്റുമാര്‍ ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു കൊണ്ടായിരുന്നു ജില്ലാ പഞ്ചായത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന രജതം 2021 ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ച് രണ്ട് സെഷനുകളിലായാണ് മുന്‍ ജനപ്രതിനിധികളെ ആദരിച്ചത്.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ആദ്യ സെഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി .ദിവ്യ അധ്യക്ഷയായിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ തുടക്കം മുതലുള്ള ഹ്രസ്വ റിപ്പോര്‍ട്ട് പി.പി. ദിവ്യ അവതരിപ്പിച്ചു. 1995 മുതല്‍ 2005 വരെയുള്ള ജില്ലാ പഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, അംഗങ്ങള്‍ എന്നിവരെ കെ.വി. സുമേഷ് എംഎല്‍എ ഉപഹാരം നല്കി ആദരിച്ചു.
ഉച്ചയ്ക്കു ശേഷം നടന്ന രണ്ടാമത്തെ സെഷനിൽ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് ഉദ്ഘാടനം ചെയ്തു. 2010 മുതല്‍ 2020 വരെയുള്ള ഭരണസമിതി അംഗങ്ങളെയാണ് രണ്ടാം സെഷനില്‍ ആദരിച്ചത്. ഇക്കാലയളവില്‍ മരണപ്പെട്ട ജനപ്രതിനിധികളെ അനുസ്മരിച്ച് ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന് അനുശോചന പ്രമേയം അവതരിപ്പിച്ചു.
മുന്‍ പ്രസിഡന്റുമാരായ ഇ.വി. രാധ, ഒ.വി. നാരായണന്, കെ.കെ. നാരായണന്, കെ.വി. സുമേഷ് എംഎല്‍എ, വൈസ് പ്രസിഡന്റുമാരായിരുന്ന എം.സി. രാഘവന്, പി.രാമചന്ദ്രന്, ടി. കൃഷ്ണന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ. സുരേഷ് ബാബു, കെ.കെ. രത്നകുമാരി, ടി. സരള, യു.പി. ശോഭ, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവി, ആസൂത്രണ സമിതി വൈസ് ചെയര്മാന് ടി. ഗംഗാധരന് , മുന്‍ കാല സെക്രട്ടറിമാരായ കെ.എം. രഘുരാമന്, വി.പി. ജയാനന്ദ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് ട്രാന്‍സ്ജെൻഡര്‍ കലാ ട്രൂപ്പ് അവതരിപ്പിച്ച സംഘനൃത്തം രജതം ആഘോഷങ്ങള്‍ക്ക് മിഴിവേകി.