22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • ഓരോ മനുഷ്യനേയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള വികസനമാകണം നാം സാധ്യമാക്കേണ്ടത് – മുഖ്യമന്ത്രി.
Kerala

ഓരോ മനുഷ്യനേയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള വികസനമാകണം നാം സാധ്യമാക്കേണ്ടത് – മുഖ്യമന്ത്രി.

ഓരോ മനുഷ്യനേയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള വികസനമാകണം നാം സാധ്യമാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ വികസന കാഴ്ചപ്പാടില്‍ മനുഷ്യനും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് ഓര്‍മിപ്പിക്കട്ടെ. രാജ്യത്തിന് രാഷ്ട്രീയ സുരക്ഷ ഒരുക്കുന്നത് പോലെ പ്രധാനമാണ് ജൈവഘടനയുടെ സംരക്ഷണം. പരിസ്ഥിതിയെ ഒരു നിക്ഷേപമായി കാണുന്നതിന് നാം ശീലിക്കേണ്ടിരിക്കുന്നു. ഓരോ മനുഷ്യന്റേയും ആവശ്യത്തിനുള്ള വിഭവങ്ങള്‍ പ്രകൃതിയിലുണ്ടെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു.

സ്വാതന്ത്യലബ്ധിക്ക് ശേഷം എല്ലാ മേഖലകളിലും രാജ്യം വളരെ മുന്നോട്ട് പോയിട്ടുണ്ട്. രാഷ്ട്രീയ സമൂഹിക ജീവിതത്തിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും കഴിഞ്ഞ ഏഴര പതിറ്റാണ്ട് കൊണ്ട് ഇന്ത്യ നേടിയ വളര്‍ച്ച ചരിത്രപരമാണ്. എന്നാല്‍ ഈ നേട്ടങ്ങളെ ആകെമാനം ഉപയോഗപ്പെടുത്തി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും അവര്‍ക്കിടയിലുള്ള അന്തരം ഇല്ലാതാക്കുന്നതിനും നമുക്ക് ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.

ഭരണഘടനാപരമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് സാമൂഹ്യവും സാമ്പത്തികവുമായ സമത്വം ഉറപ്പുവരുത്തുക എന്ന കാഴ്ച്ചപ്പാട് പ്രാവര്‍ത്തികമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഉല്‍പാദനം വര്‍ധിപ്പിക്കുകയും അവ നീതിയുക്തമായി വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതികളാണ് ഇതിനായി ആവിഷ്‌കരിച്ചിട്ടുള്ളത്. അതിനായി നമ്മുടെ അടിസ്ഥാന സൗകര്യങ്ങളേയും സാമൂഹിക സുരക്ഷാ പദ്ധതികളേയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് കഴിഞ്ഞ സര്‍ക്കാര്‍ ആര്‍ദ്രം, ലൈഫ് മുതലായ പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കുയത്. കോവിഡ് പ്രതിരോധത്തിന് ശക്തമായ അടിത്തറയായി വര്‍ത്തിച്ചത് ഇത്തരം ഇടപെടല്‍കൂടിയാണെന്ന് നാം ഓര്‍ക്കണം.

ധീരദേശാഭിമാനികള്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍, അവയില്‍ പ്രതിഫലിച്ച മൂല്യങ്ങള്‍ അവ ഉള്‍ച്ചേര്‍ന്നാണ് നമ്മുടെ ഭരണഘടന രൂപീകരിക്കപ്പെട്ടിട്ടുത്. ഭരണഘടന മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകള്‍ എത്രത്തോളം ഫലവത്താക്കാന്‍ ഈ എഴരപ്പതിറ്റാണ്ട് ഘട്ടത്തില്‍ നമുക്ക് കഴിഞ്ഞുവെന്ന് പരിശോധിക്കുക കൂടി ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യ ദിനാഘോഷം അര്‍ഥവത്താകുന്നത്. തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പൗരനെ സംബന്ധിച്ചിടത്തോളം മൗലികമാണെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മതനിരപേക്ഷതയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടും നാനാത്വത്തില്‍ ഏകത്വമെന്ന ബഹുസ്വരതയുടെ സമീപനങ്ങളും അതിന്റെ കരുത്തായി നിലകൊള്ളുകയാണ്. പാര്‍ലമെന്ററി ജനാധിപത്യവും ഭരണഘടന സ്ഥാപനങ്ങളുമെല്ലാം ഭരണഘടന വിഭാവനം ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും വിപുലപ്പെടുകയും ചെയ്യുമ്പോഴാണ് സ്വാതന്ത്യത്തെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാകുക എന്ന് തിരിച്ചറിയുക. അത്തരത്തില്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് പരിശ്രമിക്കുന്ന പ്രതിജ്ഞ ഈ വേളയില്‍ നാം എടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

കെ​എ​സ്ആ​ർ​ടി​സി സ​മ​രം; സ​ർ​ക്കാ​ർ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor

ജില്ലാതല പരിശീലനം തുടങ്ങി

Aswathi Kottiyoor

വന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്ന നിരോധനം കർശനമാക്കും

Aswathi Kottiyoor
WordPress Image Lightbox