രാജ്യം ഇന്ന് 75ആമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ രാവിലെ ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തും. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ആഘോഷം.
സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടക്കുന്നതിനാൽ പഴുതടച്ച നിരീക്ഷണത്തിലാണ് രാജ്യതലസ്ഥാനം. രാവിലെ ഏഴ് മണിക്ക് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. നീരജ് ചോപ്ര ഉൾപ്പെടെയുള്ള ഒളിംപിക്സ് മെഡൽ ജേതാക്കളെയും കോവിഡ് മുൻനിര പോരാളികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 500 എൻസിസി കേഡറ്റുമാരും ചടങ്ങിൽ പങ്കെടുക്കും.
ചെങ്കോട്ടക്ക് ചുറ്റും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് പുലർച്ചെ നാല് മുതൽ രാവിലെ 10ത്ത് വരെ ചെങ്കോട്ടക്ക് ചുറ്റും ഗതാഗതം അനുവദിക്കില്ല. മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.